ജിദ്ദ-സന്ദർശക വിസയിൽ സൗദിയിൽ എത്തുന്നവർക്ക് അബ്ഷിർ വഴി പ്രിന്റ് (ഡിജിറ്റൽ ഡോക്യുമെന്റ്) എടുക്കുന്നതിനുള്ള മാർഗം വ്യക്തമാക്കി ജവാസാത്ത്. ലളിതമായ സ്റ്റെപ്പുകളിലൂടെ സന്ദർശകർക്ക് അബ്ഷിർ വഴി പ്രിന്റ് എടുക്കാം. അബ്ഷിറിൽ പ്രവേശിച്ച ശേഷം സർവീസ്, ജനറൽ സർവീസ്, അബ്ഷിർ റിപ്പോർട്ട് എന്നീ വിൻഡോകളിലൂടെ പ്രവേശിച്ച് വിസിറ്റേഴ്‌സ് റിപ്പോർട്ട് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ പ്രിന്റ് (ഡിജിറ്റൽ ഡോക്യുമെന്റ്) ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ഷിറും മുഖീം പോർട്ടലും വഴി ജവാസാത്ത് ഡയറക്ടറേറ്റ് എട്ടു ഓൺലൈൻ സേവനങ്ങൾ കൂടി പുതുതായി ആരംഭിച്ചിരുന്നു. ഈ അപ്‌ഡേഷനിലാണ് സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള ഡിജിറ്റൽ ഡോക്യുമെന്റ് സംവിധാനവും ഉൾപ്പെടുത്തിയത്.
ഇതിന് പുറമെ, പാസ്‌പോർട്ട് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്തതിനെ കുറിച്ച് അറിയിക്കൽ, സന്ദർശകർക്കുള്ള ഡിജിറ്റൽ ഡോക്യുമെന്റ്, മുഖീം റിപ്പോർട്ട്, വിസിറ്റർ റിപ്പോർട്ട് എന്നീ നാലു സേവനങ്ങളാണ് അബ്ശിറിൽ പുതുതായി ആരംഭിച്ചത്. തിരിച്ചറിയൽ കാർഡിൽ വിവർത്തനം ചെയ്ത പേരിലെ തിരുത്തൽ, ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിക്കൽ, വിസകളെ കുറിച്ച അന്വേഷണവും വെരിഫിക്കേഷനും, തൊഴിലുടമകൾക്കുള്ള അലെർട്ടുകൾ എന്നീ നാലു സേവനങ്ങൾ മുഖീം പോർട്ടലിലും പുതുതായി ആരംഭിച്ചു.
സൗദിയിൽ സന്ദർശന വിസയിൽ എത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യം പുതിയ സംവിധാനത്തോടെ ഇല്ലാതാകും. അബ്ഷിറിൽ ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി സേവനത്തിലൂടെയാണിത്. സന്ദർശന വിസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്.
സന്ദർശന വിസയിൽ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് ഏകീകൃത നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പ്രവേശിച്ച് ഡിജിറ്റൽ ഐ.ഡി സ്വന്തമാക്കാം. സന്ദർശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങൾക്ക് മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ ഐ.ഡി മതിയാകും. ഡിജിറ്റൽ ഐ.ഡി നേടുന്ന സന്ദർശകർക്ക് സൗദിയിലെ യാത്രകൾക്ക് പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.
അടുത്തിടെ അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയ മറ്റ് സേവനങ്ങൾ.
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് ഡയറക്ടറേറ്റ് റിപ്പോർട്ടിൽ അപ്പീൽ നൽകൽ
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉപേക്ഷിക്കൽ
തോക്കുകളുടെ ഉടമസ്ഥാവകാശ മാറ്റം
െ്രെഡവിംഗ് ലൈസൻസ് ഇഷ്യു ചെയ്യൽ
ബൈക്കുകൾ ഓടിക്കാൻ മറ്റുള്ളവർക്ക് ഓതറൈസേഷൻ നൽകൽ
ബൈക്ക് രജിസ്‌ട്രേഷൻ, രജിസ്‌ട്രേഷൻ പുതുക്കൽ
ബൈക്കുകളുടെ ഉടമസ്ഥാവകാശം മാറ്റൽ
റോഡ് ജോലികൾക്കുള്ള പെർമിറ്റ്
ക്രിമിനൽ റെക്കോർഡ് റിപ്പോർട്ട്
കേടായ തിരിച്ചറിയൽ കാർഡിനു പകരം പുതിയ കാർഡ് അനുവദിക്കൽ
കുടുംബാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകൽ
സൗദി തിരിച്ചറിയൽ കാർഡ് തപാൽ വഴി എത്തിക്കൽ
സൗദി തിരിച്ചറിയൽ കാർഡ് ആക്ടിവേറ്റ് ചെയ്യൽ
സൗദി തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിന് ഫോട്ടോ സമർപ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ ഏർപ്പെടുത്തൽ
പരിഷ്‌കരിച്ച ബയാനാതീ സേവനം
ഡിജിറ്റൽ രേഖകൾ, ഡിജിറ്റൽ രേഖകളുടെ വെരിഫിക്കേഷൻ, വാഹന വിൽപന നടപടിക്രമങ്ങൾ, ഫാൻസി നമ്പർ പ്ലേറ്റുകൾക്കുള്ള ലേലം, ജീർണിച്ചതിനാലും കേടായതിനാലും മറ്റും ദീർഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യൽ, സൗദി പൗരന്മാരുടെയും വിദേശികളുടെയും നവജാതശിശുക്കളുടെ ജനന രജിസ്‌ട്രേഷൻ, പുതിയ ഇഖാമ, ഇഖാമ പുതുക്കൽ, സൗദി പാസ്‌പോർട്ടുകൾ, റീഎൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ അടക്കം 400 ഓളം സേവനങ്ങൾ അബ്ശിർ വഴി വ്യക്തികൾക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ജവാസാത്ത് അടക്കമുള്ള ആഭ്യന്തര മന്ത്രാലയ വകുപ്പുകളും ഡിപ്പാർട്ട്‌മെന്റുകളും നൽകുന്നു.