ജിദ്ദ- ഗൾഫ് സഹകരണ കൗൺസിൽ, അംഗ രാജ്യങ്ങളിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നവീകര പദ്ധതികൾക്കു വേണ്ടി നിരവധി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വെളിപ്പെടുത്തി. സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെയും മേഖലകളിൽ നിരവധി പദ്ധതികളാണ് അംഗരാജ്യങ്ങൾ നടപ്പിലാക്കി വരുന്നത്. ഓസ്‌ത്രേലിയൻ തലസ്ഥാനമായ പെർത്തിൽ നടന്നു വരുന്ന ഇന്ത്യൻ മഹാസമുദ്ര രാജ്യങ്ങളുടെ (ഐ.ആർ.ഒ.എ)ഏഴാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽബുദൈവി.
റിന്യൂവബിൾ എനർജി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നിർണായക മേഖലകളിൽ അംഗ രാജ്യങ്ങൾ കൈവരിച്ച നേട്ടം മേഖലാരാജ്യങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ളവയാണ്. (ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ) രാജ്യങ്ങൾ തമ്മിൽ പെട്രോളിയം വാതക മേഖകളിലുള്ള ഇടപാട് 215 ബില്യൺ യുഎസ് ഡോളറിലെത്തി നിൽക്കുകയായണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ആകെ കയറ്റുമതിയുടെ 72.3 ശതമാനമാണിത്. ഇന്ത്യൻ മഹാസമുദ്ര മേഖല രാജ്യങ്ങളും ഗൾഫ് സഹകരണ കൗൺസിൽ അംഗ രാജ്യങ്ങളും തമ്മിലുള്ള സഹകരണം എല്ലാ രാജ്യങ്ങൾക്കും അതിപ്രധാനമർഹിക്കുന്നതാണെന്നും അൽബുദൈവി ചൂണ്ടിക്കാട്ടി. ജി.സി.സി അംഗ രാജ്യങ്ങളുടെ സാങ്കേതിക പുരോഗതി, സാമ്പത്തിക വിഭവങ്ങൾ എന്നിവ (ഐ.ആർ.ഒ.എ)യുമായി പങ്കുവെക്കുന്നതിനുള്ള അംഗ രാജ്യങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ ബുദൈവി പൊതുവായ വെല്ലുവിളികളെ സംയുക്തമായി അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു.