കാസര്‍കോട്- താഴേത്തട്ടില്‍ അവഗണിക്കപ്പെട്ട സാധാരണക്കാരുടെ പ്രശ്നങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി കോണ്‍ഗ്രസ് കേട്ടതെന്നും ചാറ്റല്‍മഴയാണ് പ്രതീക്ഷിച്ചതെങ്കിലും അനുഭവത്തില്‍ അതൊരു പെരുമഴയായി മാറിയതായും സമരാഗ്നിയെ കുറിച്ച് കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരന്‍.
സര്‍ക്കാരിന്റെ അവഗണനയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയ്ക്കുണ്ടായ പിന്നാക്കാവസ്ഥയെ കുറിച്ചാണ് ജനങ്ങള്‍ പരാതിപ്പെട്ടത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം തലമുറകളായി ജനം അനുഭവിക്കുകയാണ്. അതിനോട് പോലും സഹതാപത്തോടെ പെരുമാറാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ചികിത്സാരംഗത്ത് ജില്ല ഏറ്റവും പിന്നിലാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജ് പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാര്‍ തയാറാകാത്തത് ജില്ലയോട് ആരോഗ്യമേഖലയില്‍ കാട്ടുന്ന അവഗണനയും നെറികേടുമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് 50 കോടിയുടെ ആശുപത്രിക്ക് തുടക്കം കുറിച്ചിട്ട് അത് പൂര്‍ത്തികരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. എല്ലാ മേഖലയിലെ ആളുകള്‍ക്കും സര്‍ക്കാരിനെ കുറിച്ച് പരാതിയാണ്. യു. ഡി. എഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്ന് ഉറപ്പ് നല്‍കി. മുഖ്യമന്ത്രി സമ്പന്നന്‍മാരെ കണ്ടപ്പോഴാണ് ഞങ്ങള്‍ സാധാരണക്കാരുമായി സംവദിച്ചത്. ഇത് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ അണികളെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടങ്ങിയതെന്നും കെ. സുധാകരന്‍ പറഞ്ഞു.