തിരുവനന്തപുരം- ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച് ഇടതുമുന്നണിയില്‍ ധാരണ. 15 സീറ്റില്‍ സി.പി.എം മത്സരിക്കും. നാല് സീറ്റില്‍ സി.പി.ഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസും (എം) മത്സരിക്കും. കോട്ടയം സീറ്റിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്നത്. ഒരു സീറ്റ് കൂടിവേണമെന്ന കേരള കോണ്‍ഗ്രസ് (എം) ആവശ്യം പരിഗണിച്ചില്ല. ആര്‍.ജെ.ഡിയും സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ സഹകരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോടെ അവര്‍ പിന്‍വാങ്ങി.
കഴിഞ്ഞ തവണ ആകെയുള്ള 20 സീറ്റില്‍ 19 എണ്ണവും യു.ഡി.എഫാണ് നേടിയത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫിനു വിജയിക്കാനായത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. ലോക്‌സഭാ സീറ്റ് ചര്‍ച്ചകള്‍ക്കായി സി.പി.ഐയുടെ നേതൃയോഗങ്ങള്‍ തുടരുകയാണ്.
സി.പി.ഐക്ക് തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല. പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.