Sorry, you need to enable JavaScript to visit this website.

കണക്കെടുപ്പിലെ ശരിതെറ്റുകൾ

കേന്ദ്രവും കേരളവും പറയുന്നത് ഒരുപോലെ ശരിയാണ്. കഴിഞ്ഞ യു പി എ സർക്കാറിനേക്കാൾ കൂടുതൽ പണം വിവിധ പദ്ധതികൾക്കായി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അതേസമയം നികുതി വരുമാനവും കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ചിട്ടുമുണ്ട്.  ഈ രണ്ടു കണക്കുകളും വ്യത്യസ്ത തരത്തിലുള്ള പ്രതിഫലനങ്ങളാണ് കേരളത്തിലെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കുന്നത്. അത് ഒരു സംസ്ഥാനത്തിനെ ആകെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ടാകുമ്പോൾ രാഷ്ട്രീയ താൽപര്യങ്ങളും ആരോപണങ്ങളും മാറ്റിവെച്ച് അതിന് എത്രയും പെട്ടെന്ന് സാധ്യമായ രീതിയിൽ പരിഹാരം നടത്തുകയാണ് ഇരു ഭരണകൂടങ്ങളും ചെയ്യേണ്ടത്.  

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ, പ്രത്യേകിച്ച് കേരളത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ഇടതു പക്ഷ എം എൽ എമാരും എം പിമാരും ദൽഹിയിലെ ജന്തർമന്തറിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ ധർണ്ണ പല കാര്യങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്കെതിരെ കേരള ഭരണകൂടം കേന്ദ്ര ഭരണ ആസ്ഥാനത്ത് പോയി നേരിട്ട് സമരം നടത്തിയെന്നതാണ് ഒരു പ്രത്യേകത. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ  ദേശീയതലത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വ്യാപകമായ പിന്തുണ ലഭിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പോരാട്ടം നടത്താൻ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി ഈ സമരം ഊർജ്ജം പകർന്നുവെന്നതാണ് മൂന്നാമത്തെ കാര്യം. ഇതിനെല്ലാമപ്പുറം  പ്രതിപക്ഷ സഖ്യത്തിലെ ഐക്യവും ഈ സമരത്തിൽ ഒരു പരിധിവരെ പ്രകടമായി.

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ, തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജൻ, ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാർട്ടി രാജ്യസഭാംഗം കപിൽ സിബൽ തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ നേരിട്ട് പങ്കാളികളായത് വലിയ വാർത്താ പ്രാധാന്യം നേടി. കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രം മാത്രമല്ല ഉത്തരവാദിയെന്നും കേരള സർക്കാറിന്റെ സാമ്പത്തിക ആസൂത്രണത്തിലെ കെടുകാര്യസ്ഥതയും ധൂർത്തുമെല്ലാം ഇതിന് കാരണമായെന്നും ആരോപിച്ച് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ദൽഹിയിലെ സമരത്തെ തള്ളിപ്പറഞ്ഞെങ്കിലും കേന്ദ്രം വിവേചനം കാണിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും, കേരളത്തിന്റെ സമരത്തിന് തൊട്ടുമുൻപ് ഇതേ വേദിയിൽ കേന്ദ്രത്തിനെതിരെ സമരം നടത്തിയ കർണാടകയിലെ കോൺഗ്രസ് സർക്കാറും കേരളത്തിന്റെ സമരത്തിന് അനുകൂലമായ പ്രസ്താവനയുമായി രംഗത്തു വന്നതുമെല്ലാം സമരത്തിന് ദേശീയശ്രദ്ധ പകർന്നു.

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ പരാതി. വിഭവ കൈമാറ്റം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അല്ലാതെ ആരുടെയും ഔദാര്യമല്ലെന്നുമുള്ള മുദ്രാവാക്യം ഉയർത്തിയായിരുന്നു കേരളത്തിന്റെ സമരം. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കേരളത്തെ ഞെക്കിക്കൊല്ലുകയാണെന്നാണ് കേരള സർക്കാറിന്റെ പരാതി. ഇത് സംബന്ധിച്ച് വിവിധ കണക്കുകളും സംസ്ഥാന സർക്കാർ പുറത്തു വിടുകയും സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കാത്തതിനെതിരെ കേന്ദ്ര സർക്കാറിനെതിരെ കേരളം സുപ്രീം കോടതിയിൽ കേസ് നൽകുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വായ്പാ പരിധിയിൽ കേന്ദ്രം കാര്യമായ വെട്ടിക്കുറവ് നടത്തിയത് കേരളത്തിന്റെ വികസനത്തെ തകർക്കാൻ വേണ്ടിയാണെന്നും കേരളത്തിലെ ഇടതുമുന്നണി ഭരണകൂടം ആരോപിക്കുന്നു.

കണക്കിലെ കളികൾകൊണ്ടാണ് കേന്ദ്ര സർക്കാറിനെ കേരള ഭരണകൂടം പ്രതിസ്ഥാനത്ത് നിർത്തുന്നത്. എന്നാൽ അതേ കണക്കിലെ കളികൾ കൊണ്ടാണ് കേന്ദ്ര സർക്കാർ കേരളത്തിന്റെ വാദത്തെ ഖണ്ഡിക്കുന്നതും. ദൽഹിയിൽ കേരള സർക്കാറിന്റെ സമരം അരങ്ങേറുമ്പോൾ കേരളം നിരത്തുന്ന കണക്കുകൾക്ക് നേരെ വിപരീതമായ കണക്കുകളുമായാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ രാജ്യസഭയിൽ എത്തിയത്. 
ശരിയും തെറ്റും എന്തായാലും ഒരു കാര്യം പകൽ പോലെ വ്യക്തമാണ്. കേരളം വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് കേരളത്തിൽ വികസന മുരടിപ്പ് ഉണ്ടാക്കുമെന്ന് മാത്രമല്ല ക്ഷേമപെൻഷനുകൾ പോലും കുടിശ്ശികയായിക്കൊണ്ട്  ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായ രീതിയിൽ ബാധിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു.
കേരളം പ്രധാനമായും ഉയർത്തുന്ന ആക്ഷേപങ്ങൾ ഇങ്ങനെയാണ് : പദ്ധതി വിഹിതമായി പത്താം ധനകമ്മീഷൻ കേരളത്തിന് 3.89 ശതമാനമാണ് നൽകിയതെങ്കിൽ ഇപ്പോൾ അത് 1.9 ശതമാനമായി കുറഞ്ഞു. നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി. ഇങ്ങനെ 57,000 കോടിയുടെ കുറവാണ് കേരളത്തിന് വരുത്തിയത്. ഇതിനു പുറമെ കേന്ദ്ര പദ്ധതിയുടെ വിഹിതം നൽകാതെ കുടിശ്ശികയാക്കുന്നത് പതിവായി. ഒടുവിൽ അതൊന്നും തരാൻ പറ്റില്ലെന്ന നിലപാടും സ്വീകരിക്കുന്നു. ഈ ഇനത്തിൽ കേരളത്തിന് കേന്ദ്രം നൽകാനുള്ള കുടിശ്ശിക 4224.87 കോടിയാണ്. രണ്ടുംകൂടി ചേർന്നാൽ  61,624.87 കോടിയാണ് കേരളത്തിന് കുറവുവരുത്തിയത്.  ഇത് ലഭിച്ചുകഴിഞ്ഞാൽ 11,624 കോടി രൂപ മിച്ചമുള്ള സംസ്ഥാനമായി കേരളം മാറും. 
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലും കേരളം 23,000 കോടിയുടെ അധിക വിഭവ സമാഹരണം  നടത്തിയിട്ടുണ്ട്. 
കേരള സർക്കാർ ദൽഹിയിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധ സമരം നടത്തിയ അതേ ദിവസം തന്നെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ ഈ വിഷയത്തെ അടിസ്ഥാനമാക്കി ഉന്നയിച്ച കണക്കുകൾ കൂടി ഒന്ന് പരിശോധിക്കാം. യു പി എ ഭരണകാലത്ത് കേന്ദ്രം കേരളത്തിന് നൽകിയ സാമ്പത്തിക വിഹിതത്തേക്കാൾ മൂന്നിരട്ടിയിലേറെ തുക കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ നരേന്ദ്ര മോഡി സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ടെന്നാണ് രാജ്യസഭയിൽ കണക്കുകൾ നിരത്തിക്കൊണ്ട് നിർമ്മലാ സീതാരാമൻ പറയുന്നത്. മോഡി ഭരണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 1,50,140 കോടി രൂപ കേരളത്തിന് നൽകിയതായി ധനമന്ത്രി രാജ്യസഭയിൽ വിശദീകരിച്ചു. 
കേരളവും കേന്ദ്രവും വ്യത്യസ്ത കണക്കുകളാണ് നിരത്തുന്നത്. കേന്ദ്ര സർക്കാർ പറയുന്നത് കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ്. എന്നാൽ സംസ്ഥാന സർക്കാർ പറയുന്നതാകട്ടെ നികുതി വിഹിതത്തിലെ വെട്ടിക്കുറവുകളെപ്പറ്റിയാണ്. അതുകൊണ്ട് തന്നെയാണ് ഇരു സർക്കാറുകളുടെയും കണക്കുകൾ തമ്മിൽ വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നത്. നികുതി വരുമാനം 3.87 ശതമാനത്തിൽ നിന്ന് 1.9 ശതമാനമായി വെട്ടിക്കുറച്ചതിനെക്കുറിച്ച് മന്ത്രി നിർമ്മലാ സീതാരാമൻ ഒന്നും പറയാത്തത് എന്താണെന്നാണ് സി പി എമ്മിന്റെ എം പിമാരായ എളമരം കരീമും ജോൺ ബ്രിട്ടാസും രാജ്യസഭയിൽ ചോദിച്ചത്.  അതിന് കേന്ദ്ര ധനമന്ത്രി വിശദീകരണം നൽകിയിട്ടുമില്ല.

അവിടെ കേന്ദ്രവും കേരളവും പറയുന്നത് ഒരുപോലെ ശരിയാണ്. കഴിഞ്ഞ യു പി എ സർക്കാറിനേക്കാൾ കൂടുതൽ പണം വിവിധ പദ്ധതികൾക്കായി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അതേസമയം നികുതി വരുമാനവും കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ചിട്ടുമുണ്ട്.  ഈ രണ്ടു കണക്കുകളും വ്യത്യസ്ത തരത്തിലുള്ള പ്രതിഫലനങ്ങളാണ് കേരളത്തിലെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കുന്നത്. അത് ഒരു സംസ്ഥാനത്തിനെ ആകെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ടാകുമ്പോൾ രാഷ്ട്രീയ താൽപര്യങ്ങളും ആരോപണങ്ങളും മാറ്റിവെച്ച് അതിന് എത്രയും പെട്ടെന്ന് സാധ്യമായ രീതിയിൽ പരിഹാരം നടത്തുകയാണ് ഇരു ഭരണകൂടങ്ങളും ചെയ്യേണ്ടത്.  

Latest News