Sorry, you need to enable JavaScript to visit this website.

വിദ്യാർഥികളുടെ ഭാവി തീരുമാനിക്കേണ്ടത് വിദ്യാർഥികളാണ്, അധ്യാപകരല്ല -പ്രൊഫ. മോർട്ടൻ പീറ്റർ മെൽഡൽ

കണ്ണൂർ- വിദ്യാർഥികളുടെ ഭാവി തീരുമാനിക്കേണ്ടത് വിദ്യാർഥികളാണെന്നും അധ്യാപകർ അവർക്കുവേണ്ട പിന്തുണ നൽകുകയാണ് വേണ്ടതെന്നും 2022 ലെ രസതന്ത്ര നോബൽ പുരസ്‌കാര ജേതാവും ഡെന്മാർക്ക്, യൂനിവേഴ്‌സിറ്റി ഓഫ് കോപ്പൻ ഹേഗനിലെ പ്രൊഫസറുമായ പ്രൊഫ. മോർട്ടൻ പീറ്റർ മെൽഡൽ. സിംഫണി ഓഫ് മോളിക്യൂൾസ്; എ ഡേ വിത്ത് നോബൽ ലോറേറ്റ് എന്ന പരിപാടിക്ക് കണ്ണൂർ സർവകലാശാലയിൽ എത്തിയ അദ്ദേഹം അധ്യാപകരോടും വിദ്യാർഥികളോടും സംവദിക്കുകയായിരുന്നു. പത്‌നി പെഡ്രിയ മേരി ഹിലയറുമായി സർവകലാശാലയിൽ എത്തിയ പ്രൊഫ. മോർട്ടൻ പീറ്റർ മെൽഡൽ സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളേജുകളിലേയും തെരഞ്ഞെടുത്ത സ്‌കൂളുകളിലെ അധ്യാപകരോടും വിദ്യാർഥികളോടും സംവദിച്ചു. 
സർവകലാശാലാ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെയും പത്‌നിയെയും വൈസ് ചാൻസലർ, രജിസ്ട്രാർ, സിന്റിക്കേറ്റ് അംഗങ്ങൾ, അധ്യാപകർ എന്നിവർ ചേർന്ന് സ്വീകരിച്ചു. താവക്കര കാമ്പസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എസ്. ബിജോയ് നന്ദൻ സ്വാഗതം പറഞ്ഞു. 
സിന്റിക്കേറ്റംഗങ്ങളായ എൻ. സുകന്യ, ഡോ. എ. അശോകൻ, പ്രമോദ് കുമാർ. കെ.വി, സയൻസ് വിഭാഗം ഡീൻമാരായ പ്രൊഫ. എസ്. സുധീഷ്, പ്രൊഫ. പി.കെ. പ്രസാദൻ, ഐക്യൂഎസി ഡയറക്ടർ പ്രൊഫ. എ. സാബു എന്നിവർ സംബന്ധിച്ച ചടങ്ങിൽ സിന്റിക്കേറ്റംഗങ്ങളും അധ്യാപകരും ചേർന്ന് സ്‌നേഹോപഹാരങ്ങൾ നൽകി. രജിസ്ട്രാർ പ്രൊഫ. ജോബി. കെ ജോസ് നന്ദി പറഞ്ഞു. 
സർവകലാശാലയിൽ വന്നതിന്റെ ഓർമയ്ക്കായി മോർട്ടൻ പീറ്റും ഭാര്യയും ചേർന്ന് വൃക്ഷത്തൈ നട്ടു. സർവകലാശാലയിൽ പുതിയൊരു അംഗത്തെ കൂടി താൻ ഏൽപിക്കുകയാണെന്നു പറയുകയും ഇത് വളരുന്നതുപോലെ സർവകലാശാലയും ഉയരങ്ങളിലെത്തട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

Latest News