Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാതെ ബി.ജെ.പി, അനില്‍ ആന്റണിക്കും സീറ്റ് കിട്ടിയേക്കും

തിരുവനന്തപുരം- തലസ്ഥാനത്തെ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാവാതെ ബി.ജെ.പി. ശശി തരൂര്‍ തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ പ്രമുഖ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നീക്കം ഇതുവരെ വിജയിച്ചിട്ടില്ല. ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെയാണ് ബി.ജെ.പിയുടെ പട്ടികയിലെ പ്രധാനിയെങ്കിലും അവര്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നാണ് അറിയുന്നത്. വയനാട്ടില്‍ വീണ്ടും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രനേതാക്കളെ ഇറക്കാനുള്ള നീക്കവും അണിയറയില്‍ ശക്തമാണ്. നിലവില്‍ വയനാട് സീറ്റ് ബിഡിജെഎസിനാണ്. ഈ സീറ്റ് ബി.ജെ.പി ഏറ്റെടുത്ത് കേന്ദ്ര നേതാക്കളെ നിര്‍ത്താനാണ് ആലോചന.

കേരളത്തില്‍ 20 സീറ്റുകളില്‍ ആറെണ്ണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ സീറ്റ് ഉറപ്പിച്ചതാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അദ്ദേഹം നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബി.ജെ.പി ലക്ഷ്യംവയ്ക്കുന്ന മറ്റൊരു സീറ്റ് തിരുവനന്തപുരമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കുമ്മനം രാജശേഖരന് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി രണ്ടാം സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അതിന് മുമ്പ് രാജഗോപാലിനും രണ്ടാംസ്ഥാനം കിട്ടി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പേര് ഉയര്‍ന്നു നില്‍ക്കുന്നു. മണ്ഡലത്തില്‍ മുരളീധരന്‍ സജീവമാണ്.

കോഴിക്കോട്ട് എം.ടി രമേശിനും ശോഭ സുരേന്ദ്രനും ഒരു പോലെ സാദ്ധ്യതയുണ്ട്. കാസര്‍കോട്ട് പ്രകാശ് ബാബു, പി.കെ.കൃഷ്ണദാസ്, രവീശ് തന്ത്രി എന്നിവര്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. കണ്ണൂരില്‍ പ്രഫൂല്‍ കൃഷ്ണനും കെ.രഞ്ജിത്തും പരിഗണനയിലുണ്ട്. എറണാകുളത്തും കോട്ടയത്തും അനില്‍ ആന്റണിയുടെ പേരാണ്. പത്തനംതിട്ടയില്‍ പി.സി ജോര്‍ജും. ഇടുക്കി, ആലപ്പുഴ, മാവേലിക്കര, കോട്ടയം എന്നീ മണ്ഡലങ്ങള്‍ ബിഡിജെഎസിന് കൈമാറും. തുഷാറിനെ ആലപ്പുഴയില്‍ ഇറക്കി കടുത്ത മത്സരം കാഴ്ചവെക്കാനാണ് ബി.ജെ.പിക്ക് താല്‍പ്പര്യം. എന്നാല്‍ കോട്ടയം സീറ്റാണ് തുഷാറിന് നോട്ടം.

 

Latest News