Sorry, you need to enable JavaScript to visit this website.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി

കഴിഞ്ഞ മാസം നടന്ന 'മിസ് ജപ്പാൻ' മത്സരത്തിലെ വിജയിയായിരുന്നു ഉക്രെയ്നിൽ ജനിച്ച കരോലിന ഷിനോ. കിരീടത്തെ ചൊല്ലി വൻ വിവാദമുയർന്നിരുന്നു. ഉക്രെയ്നിൽ ജനിച്ചു വളർന്ന ഒരാൾ എങ്ങനെയാണ് മിസ് ജപ്പാനാവുക എന്നതായിരുന്നു പ്രധാന വിമർശനം. എന്നാലിപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു കാരണത്തിന്റെ പേരിൽ തനിക്ക് ലഭിച്ച മിസ് ജപ്പാൻ കിരീടം തിരികെ നൽകിയിരിക്കയാണ് 26 -കാരിയായ ഷിനോ. വിവാഹിതനായ ഒരാളുമായി ഷിനോയ്ക്ക് ബന്ധമുണ്ടെന്ന് ഒരു വാരിക വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവർക്ക് കിരീടം ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്.  'ഷുകൻ ബുൻഷുൻ' വാരികയാണ് വിവാഹിതനും ഇൻഫ്ളുവൻസറുമായ തകുമ മേദ എന്ന ഡോക്ടറുമായി ഷിനോയ്ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചത്. ആദ്യം മത്സരത്തിന്റെ സംഘാടകർ ഷിനോയെ ന്യായീകരിച്ചിരുന്നു. ഡോക്ടർ വിവാഹിതനാണ് എന്ന വിവരം ഷിനോയ്ക്ക് അറിയില്ല എന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ, ഷിനോ തന്നെ പിന്നീട് അയാൾ വിവാഹിതനാണ് എന്നറിഞ്ഞു കൊണ്ടാണ് പ്രണയിച്ചത്. എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് രംഗത്തു വരികയായിരുന്നു.
ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അവളുടെ മോഡൽ ഏജൻസിയായ ഫ്രീ വേവ് പറയുന്നത്, ആദ്യം ഡോക്ടർ സിംഗിൾ ആണെന്ന് പറഞ്ഞാണ് ഷിനോയുമായി പ്രണയത്തിലായത്. എന്നാൽ, പിന്നീട് ഇയാൾ വിവാഹിതനാണ് എന്ന് വ്യക്തമായിട്ടും ഷിനോ ബന്ധം തുടരുകയായിരുന്നുവെന്നാണ്.
'ഞാൻ ക്ഷമ ചോദിക്കുന്നു, എന്നെ പിന്തുണച്ചവരെ ഞാൻ ചതിച്ചു' എന്നാണ് ഷിനോ പറഞ്ഞത്. 'ഭയവും സങ്കോചവും കൊണ്ടാണ് താൻ ഇതുവരെ സത്യം വെളിപ്പെടുത്താതിരുന്നത്' എന്നും അവർ പറഞ്ഞു. മത്സരത്തിന്റെ സംഘാടകരും വിധികർത്താക്കളോടടക്കം ക്ഷമ ചോദിച്ചിട്ടുണ്ട്. അമ്മ ഒരു ജാപ്പനീസുകാരനെ രണ്ടാം വിവാഹം ചെയ്തതോടെയാണ് ഷിനോ തന്റെ അഞ്ചാമത്തെ വയസ്സിൽ ജപ്പാനിലെത്തിയത്.
***  ***  ***
അച്ഛനെയോ അമ്മയേയോ നഷ്ടപ്പെടുക എന്നത് വളരെ വേദനാജനകമായ അനുഭവമായിരിക്കും. ഓരോ ദിവസവും എന്നോണം നമുക്ക് അവരെ മിസ് ചെയ്യും. അതുപോലെ മരിച്ചുപോയ അച്ഛനെ മിസ് ചെയ്തപ്പോൾ അച്ഛൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറിലേക്ക് നമ്പറിലേക്ക് മെസ്സേജ് അയച്ചതാണ് ഒരു യുവതി. എന്നാൽ, തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.
റെഡ്ഡിറ്റിലാണ് യുവതി അനുഭവം പങ്കുവച്ചത്. യുവതിക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടത് 2020 -ലാണ്. ഇത് അവരിൽ വലിയ വേദനയും ഉണ്ടാക്കി. അങ്ങനെയിരിക്കെയാണ് അവർ തന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചത്. 'എല്ലാ ദിവസവും ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു' എന്നായിരുന്നു മെസ്സേജ്. അതിന് മറുപടി വരില്ല എന്നാണല്ലോ സ്വാഭാവികമായും കരുതുക. ആ യുവതിയും അങ്ങനെ തന്നെയാണ് കരുതിയത്. എന്നാൽ, പെട്ടെന്ന്  മെസ്സേജിന് മറുപടി വന്നു. അത് രണ്ട് ചോദ്യചിഹ്നങ്ങളായിരുന്നു. അത് കണ്ട് യുവതി ആകെ ഞെട്ടിപ്പോയി. എന്നാൽ, വളരെ പെട്ടെന്ന് തന്നെ അവർ കാര്യം പറഞ്ഞു. 'ഇത് തന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന നമ്പറാണ്. അച്ഛൻ മരിച്ചുപോയി. അതിൽ നിന്നും മറുപടി വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല' എന്നായിരുന്നു അവൾ മെസ്സേജ് അയച്ചത്. എന്നാൽ, മറുപുറത്ത് നിന്നും വീണ്ടും മെസ്സേജ് വന്നു. 'തന്റെ പൂച്ചക്കുട്ടി കുസൃതി കാണിക്കുന്നത് കാണണോ' എന്നായിരുന്നു മെസ്സേജ്. യുവതി യെസ് പറഞ്ഞപ്പോൾ മറുപുറത്തുനിന്നും ഒരു പൂച്ചക്കുട്ടിയുടെ ചിത്രവും വന്നു. എന്തായാലും, യുവതി റെഡ്ഡിറ്റിൽ പങ്കുവച്ച അനുഭവം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ ഒരു മെസ്സേജ് അയച്ചപ്പോൾ ദേഷ്യത്തിൽ പെരുമാറാതെ ദയവോടെ പെരുമാറിയ ആ അജ്ഞാതനെ എല്ലാവരും അഭിനന്ദിച്ചു.
***  ***  ***
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സർവകലാശാലകളെ കൊണ്ടുവരുമെന്നുമുള്ള ബജറ്റ് നിർദ്ദേശം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. സമീപകാലത്തായി വിദേശങ്ങളിലേക്കുള്ള മലയാളി വിദ്യാർത്ഥികളുടെ ഒഴുക്കും സാമ്പത്തിക താൽപര്യങ്ങളും ലക്ഷ്യമിട്ടുമൊക്കെയാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാൽ വിദേശ സർവകലാശാലകളിൽ പഠിക്കുന്നതിലുപരിയായി അവിടെ നല്ല വേതനത്തിൽ ജോലിചെയ്തു ജീവിക്കാനാണ് മലയാളി വിദ്യാർത്ഥികൾ പുറത്തേക്കു ഒഴുകുന്നത്.
യുകെയിൽ ഏതെങ്കിലും സർവകലാശാലകളിൽ അഡ്മിഷൻ തരപ്പെടുത്തുന്ന മലയാളി വിദ്യാർത്ഥികൾ ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാമെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തി അവിടെ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. പഠനകാലത്തു മാസം 900 പൗണ്ട് (90,000) രൂപ ലഭിക്കും. ക്ലാസില്ലാത്ത അവധി കാലത്തു മുഴുവൻ സമയവും ജോലി ചെയ്യാമെന്നത് ബോണസാണ്. കോഴ്‌സ് കഴിഞ്ഞാൽ പോസ്റ്റ് സ്റ്റഡി വിസ സ്‌കീമിലും മുഴുവൻ സമയവും ജോലി ചെയ്യാം. അതുകൊണ്ടുതന്നെ മലയാളി വിദ്യാർത്ഥികൾ പ്രധാനമായും ലക്ഷ്യമിടുന്നത് വിദേശ പഠനം അല്ല, ജോലിയാണ്. അതുകൊണ്ടു അവരുടെ പോക്ക് തുടരുക തന്നെ ചെയ്യും. ഇതിന് സമാനമായി വിദ്യാർഥികൾക്ക് പാർട് ടൈം ജോബ് ഏർപ്പെടുത്താൻ നമ്മുടെ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ വിദേശ സർവകലാശാല വന്നത് കൊണ്ട് ഒരു കാര്യവുമില്ല. വിദേശ സർവകലാശാലകൾ വന്നാൽ അവയുടെ ഭാരിച്ച ഫീസ് മലയാളി വിദ്യാർത്ഥികൾക്കു താങ്ങാനാവുന്നതല്ല. കേരളത്തിലെ യൂണിവേഴ്സിറ്റികൾ ഇപ്പോൾ തന്നെ വിദ്യാർത്ഥികളെ കിട്ടാതെ കാലിയായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിദേശ സർവകലാശാലകൾ ഇവിടേയ്ക്ക് കൊണ്ടുവരുമെന്ന വാഗ്ദാനം.  വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും ബജറ്റ് നിർദേശം എസ്എഫ്ഐയുമായും മറ്റെല്ലാവരുമായും ചർച്ച നടത്തുമെന്നും സിപിഎം നയത്തിൽ മാറ്റമില്ലെന്നും ആണ് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ഇനി എതിർക്കുകയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ വിദേശ സർവകലാശാലകൾ വേണ്ടെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്. ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്നും ഇതു സർക്കാരിനെ അറിയിക്കുമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പറഞ്ഞിരുന്നു. വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞത്. പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കും ഇത്തരം സർവകലാശാലകൾ പ്രവർത്തിക്കുകയെന്നും അവർ വ്യക്തമാക്കി. 
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ നയം ഇതല്ലന്നാണ് സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് പറയുന്നത്. പുഷ്പനെ അറിയാമോ ഞങ്ങളെ സഖാവിനെ അറിയാമോ എന്ന വരികളും കുട്ടികളുടെ നൃത്തവുമാണ് സമൂഹ മാധ്യമങ്ങളിൽ ധാരാളമായി കണ്ടത്. 
***  ***  ***
നന്നായി ജോലി ചെയ്യുന്നയാൾക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ലെന്നും എന്നാൽ മോശം പ്രവൃത്തി ചെയ്യുന്നവർ ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റംഗങ്ങളുടെ മാതൃകാപരമായ സംഭാവനകൾക്കുള്ള പുരസ്‌കാരങ്ങൾ നൽകുന്നതിനായി ലോക്മത് മീഡിയ ഗ്രൂപ്പ് തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വാക്ചാതുര്യത്തെ പ്രശംസിച്ച ഗഡ്കരി, മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിന്റെ പെരുമാറ്റം, ലാളിത്യം, വ്യക്തിത്വം എന്നിവയിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും അടൽ ബിഹാരി വാജ്‌പേയിക്ക് ശേഷം  വളരെ ആകർഷിച്ച വ്യക്തി ജോർജ് ഫെർണാണ്ടസാണെന്നും പറഞ്ഞു. അടുത്തിടെ മരണാനന്തര ബഹുമതിയായി ഭാരതരത്‌നം ലഭിച്ച ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിനെയും അദ്ദേഹം പ്രശംസിച്ചു.
ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹം ഒരു ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. അത്തരക്കാരിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് കേന്ദ്ര മന്ത്രി  നിർദ്ദേശിച്ചു. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളുടെ എണ്ണം ക്രമേണ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.  
അവസരവാദ രാഷ്ട്രീയക്കാർ ഭരിക്കുന്ന പാർട്ടിയുമായി ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും പ്രത്യയശാസ്ത്രത്തിലെ ഇത്തരം അപചയം ജനാധിപത്യത്തിന് നല്ലതല്ല.  സംവാദങ്ങളിലും ചർച്ചകളിലും അഭിപ്രായ വ്യത്യാസങ്ങളല്ല ഞങ്ങളുടെ പ്രശ്നം, ആശയങ്ങളുടെ അഭാവമാണ്. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുണ്ട്, എന്നാൽ അത്തരക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. പ്രത്യയശാസ്ത്രത്തിൽ സംഭവിക്കുന്ന അപചയം ജനാധിപത്യത്തിന് നല്ലതല്ല. വലതുപക്ഷമോ ഇടതുപക്ഷമോ അല്ല, അവർ അറിയപ്പെടുന്ന അവസരവാദികളാണ്. ചിലർ ഭരണകക്ഷിയുമായി ബന്ധം നിലനിർത്താൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
***  ***  ***
കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് പരമ്പരകൾ തയാറാക്കിയ നെറ്റ്ഫ്ളിക്‌സ് സിഇഒയും ഫ്ളവേഴ്‌സ് ചാനൽ എംഡി ശ്രീകണ്ഠൻ നായരും കോടതിയിൽ ഹാജരാകാൻ ഉത്തരവ്. ഇരുവരും കേസ് പരിഗണിക്കുന്ന 13ന് കോടതിയിൽ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്‌സിലെ ഡോക്യുമെന്ററിയും ഫ്ളവേഴ്‌സ് ചാനലിലെ 'കൂടത്തായി' സീരിയലിന്റെയും സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് റോയി തോമസ് വധക്കേസിലെ രണ്ടാംപ്രതി എം എസ് മാത്യുവിന്റെ ഹർജിയിലാണ് കോഴിക്കോട്  പ്രത്യേക കോടതി ജഡ്ജി എസ് ആർ ശ്യാംലാൽ ഉത്തരവിട്ടത്. എം എസ് മാത്യു ഫയൽ ചെയ്ത ജാമ്യഹർജികൾ പ്രോസിക്യൂഷന്റെ മറുപടിക്കായി 13ലേക്ക് വച്ചു. മാത്യുവിന്റെ വിടുതൽ ഹർജികൾ മാർച്ച് രണ്ടിന് പരിഗണിക്കും. ഒന്നാംപ്രതി ജോളിയുടെ ജാമ്യഹർജി 13ന് പരിഗണിക്കും. ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ മറുപടി ബോധിപ്പിച്ചു.
കേസിൽ വിചാരണ നടക്കുന്ന വേളയിൽ അതേ വിഷയത്തെക്കുറിച്ച് സീരിയലും ഡോക്യുമെന്ററിയും സംപ്രേഷണം ചെയ്യുന്നത് സമൂഹത്തിൽ പ്രതിക്കെതിരേ തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നും ഇത് കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്നും കാണിച്ചായിരുന്നു മാത്യൂവിന്റെ ഹർജി.  കറി ആൻഡ് സയനൈഡ്, ദി ജോളി ജോസഫ് കേസ്' എന്ന പേരിലാണ് കൂടത്തായി കേസിനെ സംബന്ധിച്ച ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയിരുന്നത്. 2023 ഡിസംബർ 22-നായിരുന്നു ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സിൽ റിലീസായത്.
***  ***  ***
പതിറ്റാണ്ടുകൾക്ക് മുമ്പ് കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിനെ തുടർന്ന് വിവാദങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു ശ്വേത മേനോൻ. കാമസൂത്ര പരസ്യത്തിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത ശ്രദ്ധ നേടുന്നത്. രതിനിർവേദം, കളിമണ്ണ് എന്നീ സിനിമകളിൽ അഭിനയിച്ചതിന് ശ്വേത ഏറെ വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു.
ഒരുപാട് വിവാദങ്ങൾ ഉണ്ടായെങ്കിലും അത്തരം പരസ്യങ്ങൾ ചെയ്യാൻ തനിക്ക് ഇപ്പോഴും മടിയില്ല എന്നാണ് ശ്വേത പറയുന്നത്. രതിനിർവേദമാണെങ്കിലും കാമസൂത്ര ചെയ്യാനാണെങ്കിലും ഒന്നും യാതൊരുവിധ കുഴപ്പങ്ങളുമില്ല. ബോളിവുഡിലോ അല്ലാതെയോ ഇനി ഏത് വേഷം ചെയ്യാനും റെഡിയാണ്.
ഞാൻ ചെയ്തതൊക്കെ നല്ലതാണോ ചീത്തയാണോ എന്ന് നോക്കുകയോ അതിൽ ഖേദിക്കുകയോ ചെയ്യാറില്ല. കാരണം അതൊക്കെ ഞാൻ ബോധത്തോടെ ചെയ്തതാണ്. അബോധവസ്ഥയിൽ ഞാനൊന്നും ചെയ്തിട്ടില്ല. ഇനിയിപ്പോൾ ആരെങ്കിലും ബിക്കിനി ഇട്ട് അഭിനയിക്കണമെന്നാണ് പറയുന്നതെങ്കിൽ ഞാൻ അതിനും തയ്യാറാണ്. അഭിമുഖത്തിനിടയിൽ ഇടുമെന്നല്ല, അങ്ങനൊരു കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ അത്തരം വേഷങ്ങളിൽ അഭിനയിക്കാനും ഒരുക്കമാണ്. എന്നും വർക്കൗട്ട് ചെയ്യുന്ന ആളാണ് താൻ. വർക്കൗട്ട് ചെയ്യാതെ ഡയറ്റ് എടുത്തിട്ട് കാര്യമില്ല എന്നാണ് ശ്വേത ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
***  ***  ***
മസിനഗുഡി വഴി ഊട്ടിയിലേക്ക് പറഞ്ഞു വിടേണ്ട കുറേ രാഷ്ട്രീയ പ്രമുഖർ നാട്ടിലുണ്ട്. അവർ ഇഷ്ടം പോലെ കാല് മാറും. ജീവിതത്തിൽ ഇനിയൊരിക്കലും മുന്നണി വിട്ടുമാറില്ലെന്ന് തട്ടി വിടും. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ വീണ്ടും മറുകണ്ടം ചാടുകയും ചെയ്യും. ഊട്ടി-വയനാട് മുത്തങ്ങ-ബന്ദിപൂർ ദേശീയപാതയിൽ കാറിൽ നിന്നിറങ്ങി ദൃശ്യം പകർത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ്  യാത്രക്കാർ രക്ഷപ്പെട്ടത്. തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ് ഈ ദൃശ്യം പകർത്തിയത്. വനംവകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചാണ് വനപാതയിൽ വാഹനത്തിൽ നിന്നിറങ്ങുന്നത്. ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ദൃശ്യം പുറത്തുവിട്ടതെന്ന് സവാദ് 24 ചാനലിനോട് പറഞ്ഞു. ഖത്തറിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു സവാദ്. മസിനഗുഡി വഴി ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഈ കാഴ്ച കണ്ടത്. ഗുണ്ടൽപ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറിൽ നിന്ന് രണ്ട് പേർ ഇറങ്ങി ആനകളുടെ ദൃശ്യം പകർത്തുകയായിരുന്നു. കൂട്ടത്തിൽ നിന്ന് ഒരു പിടിയാന പൊടുന്നനെ പാഞ്ഞെത്തി. ഓടുന്നതിനിടെ ഒരാൾ നിലത്ത് വീണു. അത്ഭുതകരമായാണ് രക്ഷപെട്ടത്.
ആന്ധ്രപ്രദേശ് സ്വദേശികളാണ്. വനപാതയിൽ ഇറങ്ങി ദൃശ്യം പകർത്തുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് പലരും ഇത്തരം സാഹസിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദൃശ്യങ്ങൾ വഴി ലഭ്യമാകുന്ന നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ശേഷം വനംവകുപ്പ് കേസെടുക്കാറുമുണ്ട്. നേരത്തെയും സമാനമായ സംഭവങ്ങൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടതോടെ ബോധവൽക്കരണമെന്ന നിലയിലാണ് ദൃശ്യം പുറത്തുവിട്ടതെന്ന് സവാദ് വ്യക്തമാക്കി.
***  ***  ***
നമ്മളിൽ പലരും മത്സ്യം കഴിക്കുന്നവരാണ്. എന്നാൽ, എല്ലാ മത്സ്യവും ഭക്ഷ്യയോഗ്യമല്ല. അത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഒരു മത്സ്യമാണ് പഫർഫിഷ്. ബ്രസീലിലെ മാഗ്നോ സെർജിയോ ഗോമസ് എന്ന 46 കാരൻ പഫർഫിഷിനെ കറിച്ച് വച്ച് കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും പിന്നാലെ മരിക്കുകയുമായിരുന്നു. ബ്രസീലിലെ സ്പാരിറ്റോ സാന്റയിലെ അരക്രൂസിലാണ് ഈ ദാരുണ സംഭവമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.  സഹോദരൻ ഒരിക്കൽ പോലും ഒരു പഫർഫിഷിനെ വൃത്തിയാക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് മാഗ്നോ സെർജിയോ ഗോമസിന്റെ സഹോദരി മൈരിയൻ ഗോമസ് ലോപ്പസ് പറഞ്ഞു.
വിഷാംശമുള്ള പഫർഫിഷിനെ മാഗ്നോയ്ക്ക് സമ്മാനിച്ചത് പേര് വെളിപ്പെടുത്താത്ത ഒരു സുഹൃത്താണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. പഫർഫിഷിനെ മാഗ്നോയും സുഹൃത്തും ചേർന്നാണ് കഴുകി മുറിച്ചത്. തുടർന്ന് അതിന്റെ കരളും കുടലും നീക്കം ചെയ്ത് നാരങ്ങ നീരിൽ വറുത്തെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും മത്സ്യത്തെ ഭക്ഷിച്ചു. പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ ഇരുവരും അസ്വസ്ഥത പ്രകടിപ്പിച്ചു. ഈ സമയം മാഗ്നോയ്ക്ക് വായിൽ മരവിപ്പ് അനുഭവപ്പെടാൻ തുടങ്ങിയെന്ന് മൈറിയൻ ഗോമസ് ലോപ്പസ് പറയുന്നു. അസ്വസ്ഥത ശക്തമായപ്പോൾ മാഗ്നോ സ്വയം ഡ്രൈവ് ചെയ്ത് എട്ട് മിനിറ്റിനുള്ളിൽ അദ്ദേഹം ആശുപത്രിയിലെത്തി. എന്നാൽ, ഈ സമയമായപ്പോഴേക്കും അസ്വസ്ഥത ശക്തമാവുകയും എട്ട് മിനിറ്റിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും പിന്നാലെ തളർന്ന് വീഴുകയും ചെയ്തു. പിന്നീട് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം മരിച്ചതായുമാണ്  റിപ്പോർട്ടുകൾ. 
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പഫർ ഫിഷിന്റെ കരളിലും പ്രത്യുത്പാദന കേന്ദ്രങ്ങളിലും കാണപ്പെടുന്ന മനുഷ്യന് ദോഷകരമായ വിഷാംശമായ ടെട്രോഡോടോക്സിൻ, മാഗ്നോയെ ബാധിച്ചതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ട് ചെയ്തു. 
സയനൈഡിനേക്കാൾ 1,000 മടങ്ങ് മാരകമായ ഈ വിഷവസ്തു പേശികളിലേക്കുള്ള നാഡി സിഗ്നലുകളെ തടസ്സപ്പെടുത്തുന്നു. പിന്നാലെ ശരീരത്തിന്റെ ബലം നഷ്ടപ്പെടുകയും ഇത് പക്ഷാഘാതത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു.
ആശുപത്രിയിലെത്തിയ മാഗ്നോ തളർന്ന് വീണതിന് പിന്നാലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. 35 ദിവസത്തോളം ആശുപത്രി ഐസിയുവിൽ കിടന്നെങ്കിലും ജനുവരി 27 ന് മാഗ്നോ മരിച്ചു. 
ഇതിനിടെ വിഷാംശം ശരീരത്തെ മുഴുവനും ബാധിക്കുകയും ശരീരം തളരുകയും ഇതിനിടെ അപസ്മാരം തലച്ചോറിനെ സാരമായി ബാധിക്കുകയും ചെയ്തു. മാഗ്നോ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സുഹൃത്ത് രക്ഷപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ കാലുകൾ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട്.  സൂഹൃത്തിന് ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ ജപ്പാനിൽ പഫർ ഫിഷ്  ഭക്ഷിക്കുന്നുണ്ട്. പ്രത്യേക രീതിയിൽ വൃത്തിയാക്കിയ ശേഷമാണ് പാചകം. 
***  ***  ***
സീരിയൽ താരമായ സുചിത്ര കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലെത്തി. എന്നാൽ താൻ ഒരു സീരിയൽ താരമായ വസ്തുത ഉൾക്കൊള്ളാൻ പലർക്കും സാധിച്ചിട്ടില്ലെന്നാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. 'സീരിയലിൽനിന്ന് എടുത്തോ' എന്നൊക്കെയുള്ള മെസേജുകൾ വരാറുണ്ട്. എന്തുകൊണ്ടാണെന്നോ പലർക്കും സീരിയലിൽ നിന്നുള്ള താരം സിനിമയിലേക്കെത്തുന്നത് അംഗീകരിക്കാൻ കഴിയാതെ വരുന്നു. സീരിയലിൽ നിന്ന് ആയിക്കോട്ടെ, എല്ലാവരും കലാകാരന്മാർ ആണെന്നുള്ള പരിഗണന കൊടുക്കുക. സീരിയലിൽ നിന്ന് വരുന്ന ആൾക്കാർ ആണെങ്കിൽ അഭിനയിച്ചു വരുന്നവരാണ്. നിങ്ങൾ അങ്ങനെ ചിന്തിക്കാതിരിക്കുക എല്ലാവർക്കും അവസരങ്ങൾ കിട്ടട്ടെ. എല്ലാ മേഖലയിലും എല്ലാവർക്കും സജീവമായി നിൽക്കാൻ പറ്റട്ടെ'' എന്നാണ് സുചിത്ര പറയുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി സാറിനെ പോലൊരു മനസ് എല്ലാ സംവിധായകർക്കും ഉണ്ടാകട്ടെയെന്നാണ് താനിപ്പോൾ പ്രാർത്ഥിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 
വാനമ്പാടി എന്ന സീരിയിലൂടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് വന്നത്.  മലയാള സിനിമയുടെ അഭിമാനമായ മെഗാ സ്റ്റാർ മമ്മൂട്ടി പോലും ആദ്യ കാലത്ത് ചെറിയ റോളുകൾ ചെയ്തിട്ടുണ്ടല്ലോ. 
 

Latest News