മാനന്തവാടി - വടക്കേ വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ ഇന്നു രാവിലെ കര്‍ഷകന്‍ അജിയെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു. അജിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കാതെ ജനം മാനന്തവാടിയില്‍ പ്രതിഷേധം തുടരുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയാറായി.
കൊലപ്പെടുത്തിയ മോഴയെ മയക്കുവെടിവെച്ച് പിടിക്കാന്‍ സംസ്ഥാന മുഖ്യ വനപാലകന്‍ ഉത്തരവായി. ആനയെ പിടിക്കണമെന്നതടക്കം ആവശ്യങ്ങളുമായി ജനക്കൂട്ടം മാനന്തവാടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആനയെ മയക്കുവെടി വെക്കുന്നതിനു വനസേന നീക്കം തുടങ്ങി. ദൗത്യത്തില്‍ സഹായിക്കുന്നതിന് മുത്തങ്ങയില്‍നിന്നു രണ്ട് കുംകിയാനകളെ എത്തിക്കും. പയ്യമ്പള്ളി പടമലക്കുന്ന് ഭാഗത്താണ് മോഴ നിലവിലുള്ളത്. കര്‍ണാടക വനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച് റോഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ വിട്ട മോഴയാണ് അജിയുടെ ജീവനെടുത്തത്. ഈ ആനയുടെ സാന്നിധ്യം ജില്ലയിലെ പാതിരി വനത്തില്‍ ദിവസങ്ങള്‍ മുമ്പ് സ്ഥിരീകരിച്ചിരുന്നു.
അതിനിടെ, അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരം വേഗത്തില്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. അജിയുടെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക,
ഭാര്യക്ക് സ്ഥിരം ജോലി നല്‍കുക, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുക, വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നു. അജിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കലക്ടറുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ സംസാരിച്ചുതീര്‍ക്കേണ്ട കാര്യങ്ങളാണ് തെരുവിലേക്ക് നീണ്ടതെന്ന് അവര്‍ വിമര്‍ശിച്ചു.
ആനയെ തുരത്താന്‍ ദിവസങ്ങള്‍ മുമ്പേ ശ്രമം തുടങ്ങിയതാണെന്ന് യോഗത്തില്‍ വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുവെടിവെച്ച് പിടിക്കുന്ന മുറയ്ക്ക് ആനയെ മുത്തങ്ങ പന്തിയിലേക്ക് മാറ്റും. നഷ്ടപരിഹാരത്തില്‍ അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച കുടുംബത്തിനു കൈമാറും. അജിയുടെ ഭാര്യക്ക് സ്ഥിരം ജോലി നല്‍കുന്നതിനു വനം ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. മോഴയുടെ റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭ്യമാക്കാന്‍ കര്‍ണാടക വനം വകുപ്പ് തയാറായിരുന്നില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആന്റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും വനം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എം.എല്‍.എമാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.