ആലപ്പുഴ-വേമ്പനാട് കായലിന്റെ ഏറ്റവും ആഴമേറിയ ഏഴ് കിലോമീറ്റർ ദൂരം അഭിനന്ദ് ഉമേഷ് നീന്തിക്കയറിയത് ലോക റിക്കോഡിലേക്ക്. കൈകൾ ബന്ധിച്ച നിലയിൽ കായലിന്റെ കുളിർമയിലേക്ക് എടുത്തുചാടിയ അഭിനന്ദ് ഒരു മണിക്കൂറും 25 മിനിറ്റും കൊണ്ടാണ് അതി സാഹസികമായ നീന്തൽ നടത്തിയത്.
പന്ത്രണ്ടുകാരന്റെ അതിസാഹസികത നിറഞ്ഞ നീന്തൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ്‌സിൽ ഇടംപിടിച്ചു. പെരുമ്പാവൂർ ഗ്രീൻവാലി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ് അഭിനന്ദ് ഉമേഷ്. ഒരു വർഷം മുമ്പാണ് അഭിനന്ദു നീന്തൽ പരിശീലനം തുടങ്ങിയത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ അഭിനന്ദുവിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോഡ് വിന്നറുമായ ബിജു തങ്കപ്പന് ആശയുദിച്ചു. മാതാപിതാക്കളായ പെരുമ്പാവൂർ പട്ടാൽ ഉമേഷ് ഭവനിൽ ഉമേഷ് ഉണ്ണിക്കൃഷ്ണന്റേയും ദിവ്യ ഉമേഷിന്റെയും പിന്തുണയും കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് അഭിനന്ദു പരിശീലനം നടത്തിയത്.
വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയായിരുന്നു പ്രകടനം. ആദ്യമായിട്ടാണ് ഇത്രയധികം കായൽ ദൂരം ഇരുകൈകളും കെട്ടി നീന്തി റെക്കോർഡ് ഇടുന്നത്. ഇതുവരെയുള്ള 4.5 കിലോമീറ്റർ റിക്കോഡ് പഴങ്കഥയായി.
വൈക്കം ജെട്ടിയിൽ അഭിനന്ദിനെ സ്വീകരിക്കാൻ നാടൊത്തുകൂടിയിരുന്നു. ആർപ്പുവിളികളോടെയും നീണ്ട കരഘോഷത്തോടെയുമാണ് സ്വീകരിച്ചത്. എം.എൽ.എ മാരായ എൽദോസ് കുന്നപ്പള്ളി, സി.കെ ആശ, സിനിമ സംവിധായകൻ തരുൺ മൂർത്തി, ജനപ്രതിനിധികളായ പ്രീത രാജേഷ്, പി.ടി സുഭാഷ്, ബിജു ജോൺ, ബിന്ദു ഷാജി, കാഡ്‌ഫെഡ് വൈസ് പ്രസിഡന്റ് സിദ്ദീഖ് പൂവത്ത് തുടങ്ങിയവർ അഭിനന്ദിന് ഉപഹാരം നൽകി.