തിരുവനന്തപുരം - തലസ്ഥാനത്ത് ഒരേ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ല. മലയിന്കീഴ്, അന്തിയൂർകോണം ലിറ്റിൽ ഫ്ളവർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് കാണാതായ മൂന്നുപേരും. വെള്ളിയാഴ്ച സ്‌കൂൾ വിട്ട് വീട്ടിലെത്തിയതിനുശേഷം വൈകീട്ട് ആറോടെയാണ് മൂവരെയും കാണാതായത്.
അന്തിയൂർകോണം കൊല്ലോട് ശ്രീഭവനിൽ ലേഖയുടെ മകൻ ഏഴാം ക്ലാസുകാരനായ അശ്വിൻ(12), മലയിൻകീഴ് കൊല്ലോട് സ്വദേശി സിമി-രാജേഷ് ദമ്പതികളുടെ മകൻ എട്ടാം ക്ലാസുകാരനായ നിഖിൽ(12), കൊല്ലോട് സ്വദേശി രെജു-വിനീത് ദമ്പതികളുടെ മകൻ അരുൺ ബാബു (12) എന്നിവരെയാണ് കാണാതായത്. അരുണിനെ കാണാതായ പരാതി മാറനല്ലൂർ പോലീസ് സ്റ്റേഷനിലും മറ്റു രണ്ടുപേരുടെയും പരാതി മലയിൻകീഴ് പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള നടപടി ഊർജിതമായി തുടരുകയാണെന്ന് പോലീസ് പ്രതികരിച്ചു.