മാനന്തവാടി - കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കും. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രിപറഞ്ഞു.
മാനനന്തവാടിയില്‍ നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധം ന്യായമാണെന്നും മന്ത്രിപറഞ്ഞു. സമരത്തിന് നേതൃത്വം നല്‍കുന്നവരുമായി താന്‍ സംസാരിച്ചു. അജീഷിന്റെ മൃതദേഹം സബ് കലക്ടറുടെ ഓഫിസിനു മുന്‍പിലെത്തിച്ച് പ്രദേശവാസികള്‍ പ്രതിഷേധിക്കുകയാണ്.
റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആനയെ മയക്കുവെടിവെക്കാന്‍ വനംവകുപ്പ് ഉത്തരവിറക്കി. വെടിവച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും. മുത്തങ്ങ ക്യാമ്പിലേക്കു മാറ്റാനാണ് ശ്രമം. ആനയെ വെടിവച്ചു കൊല്ലണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.
കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം ചുമന്നു ആയിരക്കണക്കിനാളുകളാണ് മാനന്തവാടി ഗാന്ധിജംഗ്ഷനില്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്നു നഗരം സ്തംഭിച്ച അവസ്ഥയിലാണ്. അജീഷിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു 5 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറും.