ദുബായ്-വിമാന യാത്രാ നിരക്കിനെ ചൊല്ലിയുള്ള ടെന്‍ഷന്‍ അങ്ങ് മാറ്റി വെക്കാം. ഗള്‍ഫ് പ്രവാസികള്‍ക്ക് കോളടിച്ചിരിക്കുകയാണ്. എമിറേറ്റിസിലെ ഈ ഗള്‍ഫ് നഗരത്തില്‍ നിന്ന് ചുരുങ്ങിയ ചെലവില്‍ അങ്ങ് അമേരിക്ക വരെ പറക്കാം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് പ്രവാസികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രമുഖ കമ്പനികള്‍ പ്രഖ്യാപിച്ചത്. 60 ദിര്‍ഹത്തിന് താഴെയുള്ള വിമാനടിക്കറ്റുകള്‍ അടക്കം പേര് മാറ്റല്‍ തീരുമാനത്തിന് പിന്നാലെ കമ്പനികള്‍ പ്രഖ്യാപിച്ചു.
ചരിത്രപരമായ തീരുമാനം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇത്തിഹാദ് എയര്‍വേയ്‌സ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചത്. അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് മാത്രമാണ് പ്രത്യേക ഓഫര്‍ ബാധകമാകുക. ഞങ്ങളുടെ ഹോം എയര്‍പോര്‍ട്ട് പുനര്‍നാമകരണം ചെയ്യപ്പെട്ടതിനാല്‍ ഈ ആഘോഷങ്ങളില്‍ അഭിമാനത്തോടെ പങ്കുചേരുന്നു'-ഇത്തിഹാദ് എയര്‍വേയ്‌സ് റവന്യൂ കൊമേഴ്‌സ്യല്‍ മേധാവി അരിക് ദേ പറഞ്ഞു.
ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെയാണ് പ്രത്യേക ഓഫര്‍ ലഭ്യമാകുക. ഫെബ്രുവരി 19 മുതല്‍ ജൂണ്‍ 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കും. ബങ്കോക്കിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കണോമി ക്ലാസില്‍ 2,490 ദിര്‍ഹത്തിലും ബിസിനസ് ക്ലാസില്‍ 7,990 ദിര്‍ഹത്തിലും തുടങ്ങുന്ന പ്രത്യേക നിരക്കുകളില്‍ ബുക്ക് ചെയ്യാം. ഒസാക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കണോമിയിലും ബിസിനസ്സിലുമായി യഥാക്രമം 4,490 ദിര്‍ഹത്തിനും 14,990 ദിര്‍ഹത്തിനും ടിക്കറ്റ് ലഭിക്കും. ഇത്തിഹാദ് പുതിയ ലക്ഷ്യസ്ഥാനമായ ബോസ്റ്റണിലേക്ക് മാര്‍ച്ച് 31 മുതല്‍ ഫ്ളൈറ്റുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 3,490 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന അതിശയകരമായ ടിക്കറ്റ് നിരക്കില്‍ യാത്രക്കാര്‍ക്ക് അമേരിക്കയിലെ നഗരത്തിലേക്ക് പറക്കാം. കോപ്പന്‍ഹേഗണ്‍, മ്യൂണിക്ക് എന്നീ നഗരങ്ങളിലേക്ക് 2490 ദിര്‍ഹത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ റൂട്ടിലേക്കുള്ള ബിസ്‌നസ് ക്ലാസ് യാത്രയ്ക്ക് 11,990 ദിര്‍ഹത്തിന് ലഭിക്കും.
വിമാനത്താവളത്തിന്റെ പേര് മാറ്റിയതിനെ തുടര്‍ന്ന് വിസ് എയര്‍ അബുദാബിയും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 20 ശതമാനം ഫ്‌ളാഷ് സെയിലാണ് കമ്പനി പ്രഖ്യാപിച്ചത്. 59 ദിര്‍ഹം മുതല്‍ വിവിധ റൂട്ടിലേക്കുള്ള ടിക്കറ്റ് ലഭ്യമാണ്. ജൂണ്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. ഫെബ്രുവരി ഒമ്പത് മുതല്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അലക്‌സാണ്ട്രിയ, അങ്കാറ, ബിഷ്‌കെക്ക്, കയ്റോ, ദമാം, കുവൈത്ത്, മസ്‌കത്ത്, മദീന, സമര്‍കന്ദ്, സൊഹാഗ് എന്നിവയാണ് പ്രധാന റൂട്ടുകള്‍.