തൃശൂർ - സംസ്ഥാനത്ത് റേഷൻ കടകളിലൂടെ നേരത്തെ വിതരണം ചെയ്തിരുന്ന അരിയാണ് ഭാരത് അരി എന്ന പേരിൽ വിറ്റ് കേന്ദ്ര സർക്കാർ ജനത്തെ പറ്റിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ എംപി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ അരി 10 രൂപ 90 പൈസക്കാണ് റേഷൻ കടകളിൽ നേരത്തെ നല്കിയിരുന്നത്. ഇതാണിപ്പോൾ കിലോയ്ക്ക് 29 രൂപ ഈടാക്കി കേന്ദ്ര സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്നത്. മോഡി നല്കുന്ന അരിയാണെന്ന് പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തരുതെന്നും ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ അരി വിതരണത്തിലൂടെ രാഷ്ട്രീയ ലാഭം കൈക്കൊണ്ട ചരിത്രമില്ല. സൗജന്യ അരി നല്കലും വില കുറച്ച് അരി നല്കലുമെല്ലാം ഉണ്ടെങ്കിലും സംസ്ഥാന സർക്കാറുകൾ റേഷൻ കട വഴി നല്കുന്ന അരി പിൻവാതിലിലൂടെ ഏറ്റെടുത്ത് വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട മന്ത്രി പരാതി പറഞ്ഞ് നില്ക്കാതെ പരിഹാരത്തിനുള്ള നടപടി സ്വീകരിക്കണം. റേഷൻ കാർഡ് ഇല്ലാതെയാണ് ഭാരത് അരി നല്കുന്നത്. യഥാർത്ഥ ഉപഭോക്താക്കൾക്ക് അരി നല്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെങ്കിൽ അത് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടതുപോലെ പൊതുവിതരണ സമ്പ്രദായത്തിലൂടെ വേണമെന്നും എം.പി ചൂണ്ടിക്കാട്ടി.