Sorry, you need to enable JavaScript to visit this website.

അസീറില്‍ 85,000 ലഹരി ഗുളികകള്‍ സൈന്യം പിടികൂടി, റെയ്ഡുകള്‍ ശക്തം

ജിദ്ദ - ദക്ഷിണ അതിര്‍ത്തികള്‍ വഴി മയക്കുമരുന്ന് കടത്താനുള്ള രണ്ടു ശ്രമങ്ങള്‍ അതിര്‍ത്തി സുരക്ഷാ സേന വിഫലമാക്കി. അസീര്‍ പ്രവിശ്യയിലെ അല്‍റബൂഅ സെക്ടര്‍ വഴി കടത്താന്‍ ശ്രമിച്ച 85,000 ലഹരി ഗുളികകള്‍ സൈന്യം പിടികൂടി. സൈനികരെ കണ്ട് മയക്കുമരുന്ന് ഉപേക്ഷിച്ച് ദുര്‍ഘടമായ അതിര്‍ത്തി വഴി യെമനിലേക്കു തന്നെ രക്ഷപ്പെട്ടതിനാല്‍ മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി മയക്കുമരുന്ന് ശേഖരം പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ജിസാന്‍ പ്രവിശ്യയിലെ അല്‍ആരിദ സെക്ടറില്‍ അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നു എത്യോപ്യക്കാരെ സൈന്യം പിടികൂടി. നുഴഞ്ഞുകയറ്റക്കാരായ സംഘം 44 കിലോ ഹഷീഷ് ആണ് കടത്താന്‍ ശ്രമിച്ചത്. തുടര്‍ നടപടികള്‍ക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന് കൈമാറി. മയക്കുമരുന്ന് കടത്തിനെയും വിതരണത്തെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും 995 എന്ന നമ്പറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. മയക്കമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു.

 

Latest News