ജിദ്ദ - നിലവിലെ തൊഴിലുടമയുടെയോ പുതിയ തൊഴിലുടമയുടെയോ പേരില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ശേഷിക്കുന്നതിനിടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് മുസാനിദ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്കുള്ള നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ഈ മാസാദ്യം മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. വേലക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച്, പുതിയ വിസയില്‍ സൗദിയിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്കാണ് രണ്ടു വര്‍ഷ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് മേഖല വികസിപ്പിക്കാനും ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാര്‍ ഇന്‍ഷുറന്‍സ് മന്ത്രാലയം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
സമീപ കാലത്ത് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതന സുരക്ഷാ പദ്ധതിയും ഇരു വിഭാഗത്തിന്റെയും അവകാശങ്ങളും കടമകളും നിര്‍ണയിക്കുന്ന ഏകീകൃത കരാറും മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. ഏതാനും രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നല്‍കുന്നതിന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാധി നിരക്കുകളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.