തൃശൂര്‍ - കണ്ടെയ്‌നര്‍ ലോറികള്‍ കൂട്ടിയിടിച്ച് ക്യാബിനുള്ളില്‍ ഞെരിഞ്ഞമര്‍ന്ന് കുടുങ്ങിപ്പോയ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് സാഹസികമായി പുറത്തെടുത്തു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ചാലക്കുടി മുരിങ്ങൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ എറണാകുളം ഭാഗത്തു നിന്നും തമിഴ്‌നാട് തിരുപ്പൂരിലേക്ക് കോട്ടണുമായി പോയ കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ വാഹനം അപകടത്തില്‍പ്പെട്ടത്. തൊട്ടുമുമ്പില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ കൊല്ലം സ്വദേശിയായ ബേബി (41) ക്യാബിനുള്ളില്‍ കുടുങ്ങി ഞരിഞ്ഞമര്‍ന്ന് രക്തം വാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് എത്തിയ ചാലക്കുടി ഫയര്‍ഫോഴ്‌സ് മുന്നിലുണ്ടായിരുന്ന ഇടിയുടെ ആഘാതത്തില്‍ ടയറുകള്‍ പൊട്ടിപ്പോയ പിന്‍ഭാഗം തകര്‍ന്ന, കണ്ടെയ്‌നര്‍ വാഹനം കെട്ടി വലിച്ചു മാറ്റി. ഡ്രൈവറുടെ തലയ്ക്കും മുഖത്തും പരിക്കേറ്റ് രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. ക്യാബിനുള്ളില്‍ പൂര്‍ണ്ണമായും ഞെരിഞ്ഞമര്‍ന്ന് പോയ ഇയാളെ പുറത്തു നിന്ന് കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഫയര്‍ ഫോഴ്‌സുകാര്‍ ഹൈഡ്രോളിക് സ്‌പ്രെഡര്‍, ഹൈഡ്രോളിക് റാം എന്നിവ പ്രവര്‍ത്തിപ്പിച്ച് ലോഹ ഭാഗങ്ങള്‍ അകത്തുകയും ചെയിന്‍ ബ്ലോക്ക്, അയണ്‍ റോപ്പ് എന്നിവ ഉപയോഗിച്ച് ക്യാബിന്‍ കെട്ടി വലിക്കുകയും ചെയ്തു. ഇരുകാലുകളും ഒടിഞ്ഞു തൂങ്ങി ഗുരുതരമായി പരിക്കേറ്റ ബേബിയെ അര മണിക്കൂര്‍ കൊണ്ട് വളരെ ശ്രമകരമായി സേനാംഗങ്ങള്‍ പുറത്തെടുത്തു.