മാനന്തവാടി- കാട്ടാന ആക്രമണത്തില്‍ പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി(47)കൊല്ലപ്പെട്ടതറിഞ്ഞ് നഗരത്തില്‍ എത്തിയ വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണനെ ജനക്കൂട്ടം തടഞ്ഞു. കല്‍പറ്റയില്‍നിന്നു കൊയിലേരി വഴി വള്ളിയൂര്‍ക്കാവ് ജംഗ്ഷനില്‍ എത്തിയപ്പോഴാണ് ആള്‍ക്കൂട്ടം ജില്ലാ പോലീസ് മേധാവിയുടെ വാഹനം തടഞ്ഞത്. വാഹനത്തില്‍നിന്നു ജില്ലാ പോലീസ് മേധാവി പുറത്തിറങ്ങിയപ്പോള്‍ ജനക്കൂട്ടം ഗോ ബാക്ക് വിളികളുമായി പിന്തുടര്‍ന്നു. ജില്ലാ പോലീസ് മേധാവിയെ മറ്റൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോകാനുള്ള പോലീസുകാരുടെ ശ്രമം ഫലം കണ്ടില്ല. രാവിലെ പതിനൊന്നരയോടെ അജിയുടെ മൃതദേഹവുമായി ജനക്കൂട്ടം നഗരത്തില്‍ പ്രകടനം നടത്തി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കാതെയാണ് ജനങ്ങളുടെ പ്രതിഷേധം. വനം മന്ത്രി സ്ഥലത്ത് എത്തണമെന്ന ആവശ്യം ആളുകള്‍ ഉന്നയിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനാളുകളാണ് മാനന്തവാടിയില്‍ എത്തിയത്.