കൊച്ചി- എക്‌സാലോജിക്ക് കമ്പനിയുടെ സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് കമ്പനി സംബന്ധിച്ച സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എസ് എഫ് ഐ ഒ നോട്ടീസ് അയച്ചു. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. സി എം ആര്‍ എല്‍, കെ എസ്ഐ ഡി സി എന്നിവയില്‍ പരിശോധന നടത്തിയപ്പോഴും എസ് എഫ് ഐ ഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു.
മണല്‍ കമ്പനിയായ സി എം ആര്‍ എല്ലില്‍ നിന്നും അനധികൃതമായി പണം വാങ്ങി എന്ന കേസിലെ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കര്‍ണാടക ഹൈക്കോടതി നാളെ പരിഗണിക്കും.
എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ എസ് എഫ് ഐ ഒയുടെ തുടര്‍നീക്കങ്ങള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിലൂടെ എക്സാലോജിക് കമ്പനി ആവശ്യപ്പെടുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്. എസ് എഫ് ഐ ഒ വീണാ വിജയനെ ചോദ്യം ചെയ്യാനിരിക്കെയാണ് എക്സാലോജിക്ക് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി ആസ്ഥാനം ബെംഗളൂരുവില്‍ ആയതിനാലാണ് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്.