തിരുവനന്തപുരം - എന്‍ സി പി ശരത് പവാര്‍ പക്ഷത്തെ പിന്തുണയ്ക്കുന്ന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കണമെന്നും അല്ലാത്ത പക്ഷം അയോഗ്യരാക്കല്‍ നടപടികളിലേക്ക് നീങ്ങുമെന്നും എന്‍ സി പിയിലെ അജിത് പവാര്‍ വിഭാഗം. യഥാര്‍ത്ഥ എന്‍ സി പിയായി അജിത് പവാര്‍ പക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ ശരദ് പവാര്‍ പക്ഷത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അജിത് പവാര്‍ വിഭാഗം രംഗത്തെത്തിയത്. തുടര്‍ നടപടികളുടെ ഭാഗമായി കേരള നിയമസഭയിലെ എന്‍ സി പി എം എല്‍ എമാര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അജിത് പവാര്‍ വിഭാഗം നേതാവ് എന്‍ എ മുഹമ്മദ് കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് മാനിക്കാന്‍ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. അജിത് പവാറിന് ഒപ്പം നിന്നില്ല എങ്കില്‍ അയോഗ്യരാക്കാന്‍ നിയമനടപടികളിലേക്ക് കടക്കും.
ശരദ് പവാറിന്റെ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രന്‍ മന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും രാജി വെയ്ക്കണം. രാജി വെച്ച ശേഷമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചവര്‍ പാര്‍ട്ടി നേതൃത്വത്തെ തള്ളി പറയേണ്ടതെന്നും അജിത് വിഗാഗം പറഞ്ഞു. എന്‍ സി പി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികള്‍ക്ക് പിന്തുണ നല്‍കും. കേരളത്തില്‍ രണ്ട് വിഭാഗത്തിനും എല്‍ ഡി എഫിന് ഒപ്പം പോകാന്‍ കഴിയും. എന്‍ സി പി ഏറെക്കാലമായി എല്‍ ഡി എഫിന് ഒപ്പമാണെന്നും എന്‍ എ മുഹമ്മദ് കുട്ടി പറഞ്ഞു.