കൊച്ചി- യുവാവിനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് ഭാര്യയില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടുകയും പണവും ഫോണും തട്ടിയെടുക്കുകയും ചെയ്ത മൂന്നംഗ സംഘം അറസ്റ്റിലായി. മലപ്പുറം എടരിക്കോട് അമ്പലവട്ടം മണമ്മല്‍ വീട്ടില്‍ റഫീഖ് (40), തിരൂര്‍ കാവപ്പുര പൊന്നിയേരി വീട്ടില്‍ സുബൈര്‍(39), പള്ളുരുത്തി പാമ്പായിമൂല തങ്ങള്‍ നഗര്‍ വേലേപ്പറമ്പില്‍ മുന്ന എന്ന നാദിര്‍ഷ(29) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കടവന്ത്ര ഗാന്ധിനഗറില്‍ നിന്നും ഇവര്‍ യുവാവിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയത്. മലപ്പുറം ഭാഗത്തേക്ക് കൊണ്ടു പോയി രഹസ്യകേന്ദ്രത്തില്‍ ഇയാളെ തടവില്‍ പാര്‍പ്പിച്ച ശേഷം ഭാര്യയില്‍ നിന്നും മോചനദ്രവ്യമായി പണവും കാറും ആവശ്യപ്പെടുകയും യുവാവിന്റെ പക്കലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്ത പ്രതികളെ കടവന്ത്ര പോലീസ് വിദഗ്ധമായി കുടുക്കുകയായിരുന്നു. ബിസിനസ് സംബന്ധമായ സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ വിരോധമാണ് തട്ടിക്കൊണ്ടു പോകലിലെത്തിയതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.