Sorry, you need to enable JavaScript to visit this website.

യു.കെ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍, അക്കൗണ്ടുകളില്‍ 30 കോടിയുടെ ഇടപാട്

കൊച്ചി- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. മൈസൂര്‍, കാഡ്ബഗരുവില്‍ താമസിക്കുന്ന ചാവക്കാട്  സ്വദേശി ഷാജഹാനെ(36)യാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം പോലീസ് പിടികൂടിയത്.
കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്ക് യു.കെയില്‍ തൊഴില്‍ വിസ നല്‍കാമെന്നു പറഞ്ഞ് ആറ് ലക്ഷത്തി പതിനാലായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഷാജഹാന്റെ രണ്ട് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മുപ്പതു കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചുട്ടുണ്ട്. വേറെയും അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് സൂചന. മൂന്ന് വോട്ടര്‍ ഐഡിയും, മൂന്ന് പാസ്‌പോര്‍ട്ടുകളും ഇയാള്‍ക്കുണ്ട്.
സംസ്ഥാനത്തിനകത്ത് സമാനമായ മുപ്പതിലേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്. വിശാലമായ സൗഹൃദ വലയമാണ് പ്രതിയ്ക്കുള്ളത്. ഇതുപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്. കമ്മീഷന്‍ വ്യവസ്ഥയില്‍ സുഹൃത്തുക്കളാണ് വിദേശത്ത് പോകാന്‍ താല്‍പ്പര്യമുള്ള സമീപിച്ച് തൊഴില്‍ വിസയുണ്ടെന്ന് പറഞ്ഞ്  ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇത്തരത്തില്‍ തിരുവനന്തപുരത്തുള്ള ഒരാള്‍ പതിമൂന്നുപേരെയും, കോതമംഗലത്തുള്ള ഒരാള്‍ നാലുപേരെയും ഷാജഹാന് പരിചപ്പെടുത്തിക്കൊടുത്തതായി കോതമംഗലം പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പണം വാങ്ങി കബളിപ്പിച്ചതായി പോലീസ് അറിയിച്ചു.
യു.കെ സിം ഉള്‍പ്പടെ നാല് സിമ്മുകളാണ് ഇയാള്‍ക്കുള്ളത്. ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് സമീപിക്കാതെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടിലൂടെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. യു.കെയില്‍ വലിയ ബന്ധങ്ങളുള്ള ആളാണെന്നും, നിരവധി പേരെ വിദേശത്തേക്ക് കൊണ്ടുപോയെന്നും പറഞ്ഞാണ് ഇരകളെ വലയില്‍ വീഴ്ത്തുന്നത്.
 ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയി, എസ്.ഐമാരായ അല്‍ബിന്‍ സണ്ണി, കെ.ആര്‍.ദേവസ്സി,സീനിയര്‍ സി.പി.ഒമാരായ ടി.ആര്‍.ശ്രീജിത്ത്, നിയാസ് മീരാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

Latest News