കൽപറ്റ- വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതം, സത്യമംഗലം വനം, കർണാടകയിലെ ബന്ദിപ്പുര കടുവ സങ്കേതം, നാഗർഹോള ദേശീയോദ്യാനം എന്നിവ ഉൾപ്പെടുന്ന നീലഗിരി ജൈവ മണ്ഡലത്തിൽ കഴുകൻമാർക്കു നല്ലകാലം. വടക്കേവയനാട്ടിലെ മാനന്തവാടിയിൽ മയക്കുവെടിവെച്ച് പിടിച്ച് ബന്ദിപ്പുര രാംപുര എലിഫന്റ് ക്യാമ്പിൽ എത്തിച്ചപ്പോഴേക്കും ചരിഞ്ഞതിനെത്തുടർന്ന് വനത്തിൽ ഉപേക്ഷിച്ച തണ്ണീർ എന്ന കാട്ടാനയുടെ ജഡം മൂന്നു ദിവസംകൊണ്ട് കഴുകൻമാർ ഭക്ഷിച്ചുവെന്ന വിവരം അവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർ ശുഭസൂചനയായാണ് കാണുന്നത്. കാട്ടാനയുടെ ജഡം ദിവസങ്ങൾക്കുള്ളിൽ ആഹരിച്ചുവെന്നത് കഴുകൻമാരുടെ എണ്ണം വർധിച്ചതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നു സംരക്ഷണ രംഗത്തുള്ളവർ പറയുന്നു.
നീലഗിരി ജൈവ മണ്ഡലത്തിൽ കുറ്റിയറ്റു പോകുന്നിടത്തോളം എത്തിയതാണ് കഴുകൻ ഇനങ്ങൾ. ഡൈക്ലോഫെനാക്, കേറ്റോപ്രോഫിൻ തുടങ്ങിയ വേദനസംഹാരികൾ പ്രയോഗിച്ച കന്നുകാലികളുടെ ജഡം ഭക്ഷിച്ചാണ് കഴുകൻമാരിൽ ഏറെയും ചത്തത്. വനത്തിലും അതിർത്തിയിലും ചാകുന്ന മൃഗങ്ങളുടെ മാംസം ആഹരിക്കുന്നതിലൂടെയാണ് വേദനസംഹാരികളുടെ അംശം കഴുകകൻമാരിൽ എത്തുന്നത്.
രോഗങ്ങൾ പടർന്നുപിടിക്കാതെ സമൂഹത്തെ സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ജീവി വർഗമാണ് കഴുകൻ. ദക്ഷിണേന്ത്യയിൽ അവശേഷിക്കുന്ന കഴുകൻമാരുടെ ആവാസസ്ഥലമാണ് വയനാട്, ബന്ദിപ്പുര, നാഗരഹോള്ള, മുതുമല, സത്യമംഗലം വനമേഖലകൾ. തവിട്ടുകഴുകൻ, ചുട്ടിക്കഴുകൻ, കാതിലക്കഴുകൻ, തോട്ടിക്കഴുകൻ എന്നിവയാണ് ദക്ഷിണേന്ത്യയിൽ കാണുന്ന മുഖ്യ കഴുകൻ ഇനങ്ങൾ. നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ വനപ്രദേശങ്ങളിൽ കരിങ്കഴുകൻ (യൂറേഷ്യൻ ബ്ലാക്ക് വൾച്ചർ), ഹിമാലയൻ കഴുകൻ എന്നീ ഇനങ്ങളും ഉണ്ട്.
2017 ജനുവരിയിൽ വനം-വന്യജീവി വകുപ്പ് നടത്തിയ സർവേയിൽ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ കാക്കപ്പാടത്തു 53 ചുട്ടിക്കഴുകനെയും അഞ്ച് കാതിലക്കഴുകനെയും കണ്ടിരുന്നു. 2023 തുടക്കത്തിൽ സൗത്ത് വയനാട്, നോർത്ത് വയനാട്, വൈൽഡ് ലൈഫ് ഡിവിഷനുകളിൽ 12 ഇടങ്ങളിൽ നടന്ന സർവേയിൽ നൂറിനടുത്ത് കഴുകൻമാരെ കാണാനായി. ചുട്ടിക്കഴുകൻ, കാതിലക്കഴുകൻ, ഇന്ത്യൻ കഴുകൻ എന്നീ ഇനങ്ങളാണ് സർവേ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഏറ്റവും ഒടുവിൽ നടന്ന സർവേ പ്രകാരം ബന്ദിപ്പുര വനത്തിൽ 245 കഴുകനുണ്ട്. ഇതിൽ 168 എണ്ണം അഴുകിയ മാസം മാത്രം ആഹാരമാക്കുന്ന ചുട്ടിക്കഴുകൻ ഇനത്തിൽപ്പട്ടതാണ്. 34 ഇന്ത്യൻ കഴുകനും 43 കാതികക്കഴുകനും സർവേ സംഘത്തിന്റെ കണ്ണിൽപ്പെട്ടു. ഈജിപ്ഷ്യൻ ഇനത്തിൽപ്പെട്ട ഒരു കഴുകനെയും വൈൽഡ് ലൈഫ് കൺസർവേഷൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സർവേയിൽ കാണാൻ സാധിച്ചു.
നാഗർഹോള വനത്തിൽ 61 ചുട്ടിക്കഴുകനെയും 13 ഇന്ത്യൻ കഴുകനെയും 30 കാതിലക്കഴുകനെയുമാണ് കണ്ടത്. കഴുകൻ സംരക്ഷണ പരിപാടികൾ ഊർജിതമാക്കുകയും നീലഗിരി ജൈവ മണ്ഡലത്തെ 'വൾച്ചർ റേഞ്ച്' ആയി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന ആവശ്യം സംരക്ഷണ രംഗത്തുള്ളവർ ഉന്നയിക്കുന്നുണ്ട്.