- 36-ാമത് സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തു
കാസർക്കോട്- ശാസ്ത്ര ഗവേഷണങ്ങൾ മനുഷ്യന്റെ ബ്രൈറ്റ് ഫ്യൂച്ചറിനൊപ്പം ലോകത്തിന്റെ ഗ്രീൻ ഫ്യൂച്ചർ കൂടി ലക്ഷ്യംവെച്ചുള്ളവ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 36-ാമത് സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടനം കാസർകോട് ഗവ. കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനുതകുന്ന നിലയിൽ ഉത്തരവാദിത്തത്തോടെ ശാസ്ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 51 അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളർത്തുക എന്നത് പൗരന്റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റിൽപ്പറത്തി നാടിനെ മതരാഷ്ട്രമാക്കി മാറ്റാൻ, യുക്തിചിന്തകൾക്കു പകരം കെട്ടുകഥകൾക്കു പ്രാമുഖ്യം കൊടുക്കാൻ ചിലർ ശ്രമിക്കുകയാണ്. ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർ വരെ അതിന് നേതൃത്വം നൽകുകയാണ്. അതുകൊണ്ടുതന്നെ തീർത്തും ജാഗ്രതയോടെ നീങ്ങേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്ര കോൺഗ്രസ് ആയതുകൊണ്ട് ശാസ്ത്രത്തെക്കുറിച്ചുള്ള ചർച്ചകൾ മാത്രം മതിയെന്ന് കരുതരുത്. ശാസ്ത്രാവബോധവും യുക്തിചിന്തയും നിലനിൽക്കുന്നത് സാമൂഹിക ഐക്യത്തെക്കൂടി ആശ്രയിച്ചാണ് എന്ന കാര്യം ഏവരും ഓർക്കണം. വംശീയത ഉയർന്നുവന്ന ജർമനിയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ആൽബെർട്ട് ഐൻസ്റ്റീന്റെ അനുഭവം ഓർക്കണം. വിദ്വേഷത്തിലും ഭേദചിന്തകളിലും ഊന്നി നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ശാസ്ത്ര ചിന്തകൾക്കും ശാസ്ത്രജ്ഞർക്കും നിലനിൽപ്പുണ്ടാകില്ല എന്ന് തിരിച്ചറിയണം. ശാസ്ത്രത്തിന്റെ വളർച്ച എന്നത് സാമൂഹിക ഐക്യത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന ബോധ്യത്തോടെ അതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കൂടി ശാസ്ത്ര മേഖലയിലുള്ള എല്ലാവർക്കും കഴിയണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
36-ാമത് സയൻസ് കോൺഗ്രസിന്റെ ആപ്തവാക്യം'ട്രാൻസ്ഫോമിംഗ് കേരളാസ് എക്കണോമി ത്രൂ വൺ ഹെൽത്ത് അപ്രോച്ച്' അഥവാ, ഏകാരോഗ്യ സമീപനത്തിലൂടെ കേരള സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റം എന്നതാണ്. മനുഷ്യരോടൊപ്പംതന്നെ പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിനുകൂടി പ്രാധാന്യം നൽകണം എന്നർഥം. മനുഷ്യനെ ബാധിക്കുന്ന എല്ലാ പകർച്ചവ്യാധികളുമെടുത്താൽ അതിൽ 60 ശതമാനം ജന്തുജന്യ രോഗങ്ങളാണ്. പുതിയതായി പ്രത്യക്ഷപ്പെടുന്ന പകർച്ചവ്യാധികളിൽ 70 ശതമാനത്തിലധികവും ജന്തുജന്യ രോഗങ്ങളാണ്. ഈ സാഹചര്യത്തിൽ ഏകാരോഗ്യ സമീപനം എന്നത് മാനവരാശിയുടെ സുരക്ഷയ്ക്കും മുന്നേറ്റത്തിനും ഏറെ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ സമീപനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. കാരണം, ജനസാന്ദ്രതയും വനാവരണവും കൂടുതലായ ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ പ്രകൃതിയുമായും ജീവജാലങ്ങളുമായും കൂടുതൽ ഇടപഴകിക്കഴിയുന്ന ഒരു ജനതയാണ് ഉള്ളത്. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഒരു വെല്ലുവിളിയാകട്ടെ, പകർച്ചവ്യാധികളുടെ വ്യാപനമാണ്. അവയിൽത്തന്നെ ആശങ്കയുണ്ടാക്കുന്നവയാണ് ജന്തുജന്യ രോഗങ്ങൾ. ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ നമ്മുടെ സമ്പദ് വ്യവസ്ഥയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും. ഈ സവിശേഷ സാഹചര്യത്തിലാണ് വൺ ഹെൽത്ത് പോളിസി അഥവാ ഏകാരോഗ്യ സമീപനം സ്വീകരിച്ച് മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ 2021 ൽ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട 4 ജില്ലകളിലാണ് പദ്ധതി ആരംഭിച്ചത്. ഇത് സംബന്ധിച്ച് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ജില്ലാതല ഓഫീസർമാർക്കും ലബോറട്ടറി അസിസ്റ്റന്റുമാർക്കും എല്ലാം പ്രത്യേകമായി പരിശീലനം നൽകി. സംസ്ഥാനത്ത് സെന്റർ ഫോർ വൺ ഹെൽത്ത് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്നു
കാസർകോട്- ആർട്ടിക്കിൾ 51 അനുശാസിക്കുന്ന പ്രകാരം ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്റെ കടമയാണെന്നും എന്നാൽ ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനും യുക്തി ചിന്തകൾക്ക് പകരം കെട്ടുകഥകൾക്ക് പ്രാമുഖ്യം നൽകാനും ശ്രമിക്കുകയാണെന്നും ഭരണരംഗത്തിരിക്കുന്നവർ തന്നെ ബോധപൂർവം അതിന് നേതൃത്വം നൽകുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 36-ാമത് ശാസ്ത്ര കോൺഗ്രസ് കാസർകോട് ഗവ. കോളേജിൽ ഉദ്ഘാടന പ്രസംഗത്തിന് ഇടയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മൂന്നര പതിറ്റാണ്ട് കൊണ്ട് ശാസ്ത്ര കോൺഗ്രസിന് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.സി.സി.എസ് തയാറാക്കിയ ക്ലൈമെറ്റ് സ്റ്റേറ്റ്മെന്റ്-2023 മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തുടർന്ന് മികച്ച യുവ ശാസ്ത്രജ്ഞർക്കുള്ള അവാർഡ്, ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ എന്നിവ അദ്ദേഹം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ഗോൾഡ് മെഡലും പ്രശസ്തി പത്രവും 50,000 രൂപയുടെ ക്യാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസർച്ച് പ്രൊജക്ടുമാണ് നൽകിയത്. ഡോ. സൗമ്യ സ്വാമിനാഥൻ വിഷയം അവതരിപ്പിച്ചു. കെ.പി. സുധീപ് അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തി. 2022ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം നേടിയ മോർട്ടെൻ പി. മെൽഡൽ മുഖ്യാതിഥിയായിരുന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ. പി. മനോജ് എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ കലക്ടർ കെ. ഇമ്പശേഖർ, ഡോ. വി.എസ്. അനിൽ കുമാർ, അനന്ത പത്മനാഭൻ സംസാരിച്ചു. ഡോ. പ്രദീപ് കുമാർ സ്വാഗതവും ഡോ. മനോജ് സാമുവൽ നന്ദിയും പറഞ്ഞു.