തൃക്കരിപ്പൂര്‍- യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പത്ത് വര്‍ഷത്തോളം പലയിടങ്ങളിലും കൊണ്ടുപോയി തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് ചന്തേര പോലീസില്‍ കീഴടങ്ങി.
ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറിയും സി.പി.എം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വലിയപറമ്പ പഞ്ചായത്ത് ഓഫീസിന് സമീപത്തെ രതീഷ് കുതിരുമ്മലാണ് (33) കീഴടങ്ങിയത്. തുടര്‍ന്ന് ചന്തേര എസ്.ഐ വിപിന്‍ ചന്ദ്രന്‍ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തുകയും, ഉടന്‍ തന്നെ രഹസ്യമായി ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതി രതീഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
മാടക്കാല്‍ സ്വദേശിനിയായ 23 കാരിയായ യുവതിയുടെ പരാതിയിലാണ് നേതാവിനെതിരെ പോലീസ് കേസെടുത്തത്. തനിക്കു 13 വയസുള്ളപ്പോള്‍ 2008 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോവുകയും രതീഷിന്റെ വീട്ടിലും മടക്കാലിലെ തന്റെ വീട്ടിലും വെച്ച് ലൈംഗികമായി പീഡിപ്പിട്ടുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം നടത്തിയ എസ്.ഐ, വനിതാ പോലീസിനൊപ്പം യുവതിയുടെ വീട്ടില്‍ എത്തി വിശദമായ മൊഴി എടുത്ത ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പത്തു വര്‍ഷത്തോളം തന്നെ നേതാവ് കബളിപ്പിച്ചു എന്നാണ് യുവതി മൊഴി നല്‍കിയത്. ഇതിനിടയില്‍ രതീഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് യുവതി ചന്തേര പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. പോലീസ് കേസെടുത്തതോടെ വയനാട്ടിലേക്ക് ഒളിവില്‍ പോയ രതീഷ് വ്യാഴാഴ്ച ഉച്ചയോടെ രഹസ്യമായി പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. യുവതിയുടെ പരാതി ഉണ്ടായ സമയത്തു തന്നെ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. പീഡന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്ത ചന്തേര പോലീസിന്റെ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.