Sorry, you need to enable JavaScript to visit this website.

റമദാൻ ഓഫർ ഇത്തവണ നേരത്തെയാക്കി, ഈ മാസം 20 മുതൽ ഓഫർ

ജിദ്ദ - വിശുദ്ധ റമദാൻ, ഈദുൽഫിത്ർ പ്രമാണിച്ച ഓഫർ സീസൺ നേരത്തെയാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ശഅബാൻ പത്തു മുതൽ(ഫെബ്രുവരി 20) ഓഫർ സീസൺ ആരംഭിക്കും. നേരത്തെയുള്ള ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാണ് ഓഫർ സീസൺ നേരത്തെയാക്കുന്നത്. ഓഫറുകൾ പ്രഖ്യാപിക്കാനുള്ള ലൈസൻസിന് വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വ്യാപാര സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും അപേക്ഷ സമർപ്പിക്കാൻ കഴിയും. ശഅബാൻ പത്തു മുതൽ ആരംഭിക്കുന്ന റമദാൻ, ഈദുൽഫിത്ർ ഓഫർ സീസൺ ശവ്വാൽ അഞ്ചു വരെ (ഏപ്രിൽ 14) തുടരും. 
എളുപ്പത്തിൽ ഓഫർ ലൈസൻസ് നേടാൻ വ്യാപാര സ്ഥാപനങ്ങൾക്ക് അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് ലൈസൻസ് അപേക്ഷ ഓൺലൈൻവൽക്കരിച്ചത്. ഓഫർ സീസൺ നേരത്തെയാക്കിയത് ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്ന ഉപയോക്താക്കൾക്കും ഉപകാരപ്പെടും. ഓഫർ ലൈസൻസിലെ ബാർകോഡ് മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് ഓഫറുകളുടെ നിയമസാധുതയും ഓഫറുകളുടെ സത്യാവസ്ഥയും ഉപയോക്താക്കൾക്ക് ഉറപ്പുവരുത്താൻ സാധിക്കും. ഓഫറുള്ള ഇനങ്ങൾ, ഓഫർ അനുപാതം, ഓഫർ കാലയളവ്, സ്ഥാപനത്തിന്റെ പേരുവിവരങ്ങൾ എന്നിവടക്കം ഓഫറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാർകോഡ് സ്‌കാൻ ചെയ്താൽ മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെടും. ഓഫറുകളുടെ നിയമസാധുത ഉറപ്പുവരുത്താനും ഓഫർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ പ്രവിശ്യകളിലും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.
 

Latest News