കാസര്‍കോട്- അമ്മയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയ സംഭവം കമിതാക്കള്‍ ആസൂത്രണം ചെയ്ത നാടകമായിരുന്നുവെന്ന് തെളിഞ്ഞു. പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് കേവലം മണിക്കൂറുകള്‍ മാത്രം ആയുസ്സുണ്ടായിരുന്ന നാടകം പൊളിഞ്ഞത്. കാണാതായെന്ന് പറയുന്ന ചിറ്റാരിക്കാല്‍ സ്വദേശിയായ യുവതിയെ പോലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് സംഭവങ്ങളിലെ ദുരൂഹത നീങ്ങിയത്. കമിതാക്കള്‍ നാടു വിടുന്നതിനായി നടത്തിയ പദ്ധതിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍ സംഭവമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ (23), മകന്‍ സായി കൃഷ്ണ (3) എന്നിവരെ തട്ടിക്കൊണ്ടുപോയി എന്ന പ്രചാരണം പുറത്തുവന്നത്. വീട്ടിലെത്തിയ അക്രമി സംഘം തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായി യുവതി ഭര്‍ത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ഭര്‍ത്താവ് വീട്ടില്‍ പിടിവലി നടന്നതിന്റെ ലക്ഷണം കണ്ടതോടെ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയെയും കുഞ്ഞിനെയും റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകത്തിന് അന്ത്യമായത്. കണ്ണൂര്‍ പ്രാപ്പൊയില്‍ സ്വദേശി ബിനുവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കോഴിക്കോട്ടു വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ഡോ. എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ.സുധാകരന്‍, വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍കുമാര്‍ ചിറ്റാരിക്കാല്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കസ്റ്റഡിയില്‍ എടുത്ത കമിതാക്കളെ ഇന്നലെ തന്നെ ചിറ്റാരിക്കാലില്‍ എത്തിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.