കണ്ണൂർ - കണ്ണൂരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംസ്‌കാര വിരുദ്ധർക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികൾ മറുപടി നൽകിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ ഒന്നാം സ്ഥാനത്തിന്റെ സ്വർണക്കപ്പ് നേടിയത് കണ്ണൂരിലെ വിദ്യാർത്ഥികളാണ്. കലാസാഹിത്യ രംഗങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഇത്രയേറെ കുരുന്നുകളുള്ള ഈ നാടിനെ ബ്ലഡി കണ്ണൂരെന്ന് ചിലർ അധിക്ഷേപിച്ചു. അവർക്ക് കണ്ണൂരിലെ കുഞ്ഞുങ്ങൾ നൽകുന്ന മറുപടി കൂടിയാണ് ഇതെന്നും കണ്ണൂരിനെ ബ്യൂട്ടിഫുളെന്ന് വിശേഷിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ എല്ലാ വിഭാഗങ്ങളെയും ഉൾകൊണ്ട് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്ന ഇടങ്ങളാണ്. സ്‌കൂളുകൾ കേവലം വിജ്ഞാന വിതരണ കേന്ദ്രങ്ങൾ മാത്രമല്ല. സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഇടങ്ങളായി ക്ലാസ്മുറികൾ മാറുകയാണ്. എഴുത്ത് കേവലം ചിന്തകളെ പ്രകാശിപ്പിക്കാനുള്ള ഒരു ഉപാധിയല്ല. മൂല്യങ്ങൾ പകർന്ന് നൽകാനും സമൂഹം അറിയാതെ പോകുന്ന മനുഷ്യാവസ്ഥകളെ ലോകത്തിന് മുന്നിൽ എത്തിക്കാനുമുള്ള ഉപാധികൂടിയാണ്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിവുകൾ ലഭിക്കുന്നതിന് നിരവധി അവസരങ്ങൾ നിലവിലുണ്ട്. അവയിൽ തെറ്റായതും ശരിയായതുമായ അറിവുകൾ ഉണ്ടാകും. അത് വേർതിരിച്ച് അറിഞ്ഞ് ശരിയായത് ഉൾക്കൊള്ളാനുള്ള തിരിച്ചറിവു കൂടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ വളർച്ച പ്രയോജനപ്പെടുത്തി പുസ്തകങ്ങളും വായനകളും പുതിയ തലങ്ങളിലേക്ക് വളരുകയാണ്. വായനക്കായി മാത്രമുള്ള സാങ്കേതികവിദ്യ തന്നെ നിലവിലുണ്ട്. അച്ചടിച്ച കോപ്പികൾ പോലും ഇതുവഴി വായിക്കാനാകും. അതു ഗുണപരമായി ഉപയോഗിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പള്ളിക്കുന്ന് കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ വായനയും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് 'എന്റെ പുസ്തകം എന്റെ വിദ്യാലയം'. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 50000 കുട്ടികൾ എഴുത്തും വരയും നിറവും നൽകിയ 1056 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
കുട്ടികൾ തന്നെ എഡിറ്ററായി തയ്യാറാക്കിയ കയ്യെഴുത്തു പ്രതികൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ, വായനക്കുറിപ്പുകൾ, സയൻസ് ലേഖനങ്ങൾ, ചെറുനാടകങ്ങൾ എന്നിവയാണ് പുസ്തക രൂപത്തിൽ പുറത്തിറക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹായത്തോടെയാണ് ആശയം യാഥാർഥ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 2022-23, 2023-24 വർഷങ്ങളിൽ നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പരിപാടിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിച്ചു.
കെ. വി സുമേഷ് എം എൽ എ, ജില്ലാ കലക്ടർ അരുൺ കെ. വിജയൻ എന്നിവർ മുഖ്യാതിഥികളായി. ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താർ അടൂർ യുആർഎഫ് റെക്കോർഡ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറി. കണ്ണൂർ ഡി ഡി ഇ എ.പി അംബിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി .പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. കെ.കെ രത്‌നകുമാരി, യു. പി ശോഭ, വി.കെ സുരേഷ് ബാബു, അഡ്വ. ടി .സരള, അംഗങ്ങളായ തോമസ് വക്കത്താനം, ഉഷ രയരോത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി അബ്ദുൽലത്തീഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി .ഗംഗാധരൻ മാസ്റ്റർ, കോളേജ് പ്രിൻസിപ്പൽ കെ.ടി ചന്ദ്രമോഹൻ, വയനാട് ഡിഡിഇ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, ഡി പി സി ഇ .സി വിനോദ്, വിദ്യാരംഗം കൺവീനർ ഇ.പി വിനോദ് കുമാർ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, ഗിന്നസ് സുനിൽ ജോസഫ്, വിദ്യാർഥി പ്രതിനിധി ടി.കെ വിജിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധി അബ്ദുൽകരീം ചേലേരി തുടങ്ങിവർ പങ്കെടുത്തു.