Sorry, you need to enable JavaScript to visit this website.

അധ്യാപകരും മാധ്യമപ്രവർത്തകരും ശ്രദ്ധിക്കണം, ഉദാത്ത സമൂഹ സൃഷ്ടിപ്പിൽ ബാധ്യതയുണ്ട്-ഹറം ഖുത്തുബ

മക്ക-വിദ്യാഭ്യാസ പ്രവർത്തനം പരിഷ്‌കൃത സമൂഹ സൃഷ്ടിപ്പിനായുള്ള ഉദാത്ത ദൗത്യ നിർവഹണമാണെന്ന്  മക്ക ഇമാം ശൈഖ് സാലിഹ് ബിൻ ഹുമൈദ് പ്രസ്താവിച്ചു. പരിശുദ്ധ മസ്ജിദ് ഹറമിൽ വെള്ളിയാഴ്ചയിലെ പ്രഭാഷണം(ഖുത്ബ) നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാന സമ്പാദനത്തിലൂടെ മാത്രമേ  തന്നിലർപ്പിതമായ  ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാനും പ്രപഞ്ചത്തിൽ തനിക്കുള്ള മഹനീയ സ്ഥാനം തിറിച്ചറിയാനും  ഓരോരുത്തർക്കും സാധിക്കുകയുള്ളൂ.  സമൂഹങ്ങളുടെ നിലനിൽപ്പും പുരോഗതിയും സാധ്യമാകുന്നതും കൃഷിയും തൊഴിലും സാങ്കേതിക വിദ്യയും കൈമാറ്റം ചെയ്യപ്പെടുന്നതും  വിദ്യാഭ്യാസത്തിലൂടെയാണ്. ജീർണതക്കും ഭീകരവാദത്തിനുമിടയിലെ സന്തുലിത വിശ്വാസാചാരങ്ങൾ കൈവരുന്നത് ശരിയായ മതജ്ഞാനം ആർജ്ജിക്കുന്ന സമൂഹമുണ്ടാകുമ്പോഴാണ്. 

വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന ശിലകളിലൊന്നാണ് അധ്യാപകർ. കേവല ജോലിക്കപ്പുറം പരിഷ്‌കൃത സമൂഹ സൃഷ്ടിപ്പെന്ന മഹാദൗത്യ നിർവഹണത്തിന്റെ ഭാഗഭാക്കുകളാണ് തങ്ങളെന്ന് അധ്യാപകർ തിരിച്ചറിയുമ്പോഴാണ് അവരിലെ യഥാർത്ഥ ഗുരുനാഥന്മാർ പുറത്തുവരുന്നത്. രാഷ്ട്ര നായകരും ചിന്തകരും നയതന്ത്ര വിദഗ്ധരും  എഴുത്തുകാരും ഭിഷ്വഗരന്മാരും ശാസ്ത്രഞ്ജന്മാരും രൂപപ്പെടുന്നത് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപകർക്കു മുന്നിൽ നിന്നാണ്. കേവല വിദ്യാഭ്യാസക്കൈമാറ്റത്തിനപ്പുറം സാദാചാര മൂല്യങ്ങളുടെ വാഹകരും കൈമാറ്റക്കാരും കൂടിയായിരിക്കണം ഓരോ അധ്യാപകനും.  

സമൂഹം തങ്ങളുടെ മുന്നിലെത്തിക്കുന്നത് അവരുടെ  അമൂല്യ നിധികളായ ഭാവിതലമുറയെയാണെന്ന ബോധം അധ്യാപകർക്കുണ്ടാകണം. തങ്ങളെ മാത്യകായോഗ്യരായി കാണുന്നവരാണ് വിദ്യർത്ഥി തലമുറയെന്ന ചിന്തയോടെ വിദ്യർത്ഥി സമൂഹത്തിലും പുറത്തും സംസ്‌കാര സമ്പന്നമായ ഇടപെടലുകൾ മാത്രമേ അധ്യാപകരിൽ നിന്ന് ദർശിക്കാൻ പാടുള്ളൂ. അധ്യാപകരിലെ ഏതൊരു മൂല്യച്യുതിയും പ്രതിലോമ പരമായ സ്വാധീനം വിദ്യാർത്ഥി സമൂഹം വഴി സമൂഹത്തിലുണ്ടാക്കും. ആത്മാർത്ഥതയോടെയും അർപ്പണ ബോധത്തോടെയായുമായിരിക്കണം അധ്യാപകർ വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നു നൽകേണ്ടത്. അധ്യാപകരുടെ ദൗത്യം പരിപൂർണമാകുന്നത് രക്ഷകർത്താക്കളുടെ പിന്തൂണയോടു കൂടി മാത്രമായിരിക്കുമെന്നതിനാൽ അധ്യാപകരോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയിൽ കൈകൾ കോർത്തു പിടിക്കാൻ രക്ഷകർത്താക്കൾ കൂടി സന്നദ്ധരാകണം. 

അധ്യാപകരോട് ആദരവും ബഹുമാനവുമുള്ള സമൂഹ സൃഷ്ടിപ്പിനു മാധ്യമ പ്രവർത്തകർക്കും വലിയ പങ്കുണ്ട്. അവരുടെ വീഴ്ചകളും ദൗർബല്യങ്ങളും പർവ്വതീകരിച്ച് പൊതുജനമദ്ധ്യത്തിൽ ചർച്ചയാക്കുന്നത് സമൂഹത്തിനേൽപിക്കുന്നത് അപരിഹാര്യമായ പരിക്കാണെന്ന് മാധ്യമപ്രവർത്തകർ  തിരിച്ചറിയണം. മികച്ച സേവനമർപ്പിക്കുന്ന അധ്യാപകരെ കണ്ടെത്തി സമൂഹത്തിനു മുന്നിലെത്തിക്കാൻ മാധ്യമ പ്രവർത്തകർക്കു കഴിയണം. വിദ്യാഭ്യാസ ലക്ഷ്യത്തെ കുറിച്ച് കൃത്യമായ തിരിച്ചറിവും അതിനനുസൃതമായ ദർശനത്തെ കുറിച്ച വ്യക്തമായ ധാരണയും ഇതിന് അത്യന്താപേക്ഷിതമാണ്. ദൈവിക വചനങ്ങൾ നിങ്ങൾക്ക് ചൊല്ലിത്തന്ന് നിങ്ങളെ സംസ്‌കരിക്കുകയും വേദഗ്രന്ഥവും നിയമവും  പഠിപ്പിക്കുന്ന മാതൃകാ യോഗ്യനായ പ്രവാകനെ നിങ്ങൾക്കിടയിലേക്ക് നിയോഗിച്ചു നൽകുകയും ചെയ്തത് തന്റെ മഹത്തായ കാരുണ്യമാണെന്ന് പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു വിവരിക്കുന്നുണ്ട്. ഓരോ അധ്യാപകനും പ്രവാചകന്മാരുടെ ദൗത്യം  ഏറ്റെടുത്തു പൂർത്തീകരിക്കുന്ന തങ്ങളുടെ സമൂഹത്തിലെ കെടാവിളക്കുകളായിരിക്കണമെന്ന് ഡോ.ശൈഖ് ഇബിൻ ഹുമൈദ് ആഹ്വാനം ചെയ്തു.
പടം   ഡോ.ശൈഖ് സാലിഹ് ബിൻ ഹുമൈദ്
 

Latest News