കൽപ്പറ്റ - അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതിൽ വയോജനങ്ങളിൽ പ്രതിഷേധം കനക്കുന്നു. ബജറ്റിൽ അവഗണിച്ചതിലും വയോധികരിൽ രോഷം തിളയ്ക്കുകയാണ്. വയോജന സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ പലതും ബജറ്റിൽ ഇടം പിടിച്ചില്ല.
1,600 രൂപയാണ് പ്രതിമാസ വയോജന പെൻഷൻ. കഴിഞ്ഞ ആഗസ്തിനുശേഷം പെൻഷൻ വിതരണം ചെയ്തിട്ടില്ല. മരുന്ന് ഉൾപ്പെടെ അത്യാവശ്യങ്ങൾക്ക് പെൻഷനെ ആശ്രയിക്കുന്ന വൃദ്ധ ജനങ്ങൾ നിരവധിയാണ്. പെൻഷൻ കിട്ടുമ്പോൾ നൽകാമെന്നു പറഞ്ഞ് പരിചയക്കാരിൽനിന്നു വായ്പ വാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കാൻ കഴിയാതെ ഉഴലുകയാണ് പലരും.
സംസ്ഥാന ബജറ്റിൽ പെൻഷൻ വർധിപ്പിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു വയോജനങ്ങളിൽ പലരുടെയും പ്രതീക്ഷ. കുടിശിക തീർത്ത് പെൻഷൻ ലഭിക്കുന്നതിനു നടപടി ഉണ്ടാകുമെന്നും കരുതി. ഇതുണ്ടാകാത്തതിൽ പെൻഷൻ ഗുണഭോക്താക്കളിൽ നല്ലൊരു ശതമാനവും നിരാശരാണെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ പ്രസിഡന്റ് ടി.വി രാജൻ, വൈസ് പ്രസിഡന്റ് കെ ശശിധരൻ, സെക്രട്ടറി ഇ മുരളീധരൻ, ട്രഷറർ ജി.കെ ഗിരിജ എന്നിവർ പറഞ്ഞു.
65 വയസ് കഴിഞ്ഞവർക്ക് സർക്കാർ ആശുപത്രികളിൽ പരിശോധനയും മരുന്നും സൗജന്യമായി ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി പഞ്ചായത്തുകളിലും പ്രാവർത്തികമാക്കണമെന്നത് മുതിർന്ന പൗരൻമാരുടെ കൂട്ടായ്മകൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിൽ നഗരസഭകളിൽ മാത്രമാണ് വയോമിത്രം പദ്ധതി.
പഞ്ചായത്തുകളിലുള്ള ആയിരക്കണക്കിനു വയോജനങ്ങൾ പദ്ധതിക്കു പുറത്താണ്. ഗ്രാമപ്പഞ്ചായത്തുകളിലുള്ളവരെയും വയോമിത്രം ഗുണഭോക്താക്കളാക്കുന്നതിന് വിവിധ സംഘടനാ ഭാരവാഹികൾ സാമൂഹികക്ഷേമ മന്ത്രിയെയടക്കം പലവട്ടം സമീപിച്ചതാണ്. പക്ഷേ, ഫലമുണ്ടായില്ല.
വയോജന കമ്മിഷൻ രൂപീകരിക്കണമെന്ന ആവശ്യത്തിനും ബജറ്റിൽ പരിഗണന ലഭിച്ചില്ല. വയോധികരുടെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടൽ സാധ്യമാക്കുന്നതാണ് വയോജന കമ്മിഷൻ പ്രവർത്തനം. ഇതേക്കുറിച്ച് ബജറ്റിൽ പരാമർശം പോലും ഉണ്ടായില്ല. മുമ്പ് രൂപീകരിച്ച വയോജന കൗൺസിലിന്റെ പ്രവർത്തനം നിലച്ചിരിക്കയാണ്.
മുതിർന്ന പൗരൻമാർക്കുള്ള യാത്രക്കൂലി ഇളവ് റെയിൽവേ പുനഃസ്ഥാപിക്കാത്തത് വയോജനങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. സ്ത്രീകൾക്ക് 50ഉം പുരുഷൻമാർക്ക് 40ഉം ശതമാനം ഇളവാണ് റെയിൽവേ അനുവദിച്ചിരുന്നത്. യാത്രക്കൂലിയിലെ ഇളവ് കോവിഡ് വ്യാപനത്തെത്തുടർന്നാണ് റെയിൽവേ നിർത്തലാക്കിയത്.