ഇടുക്കി - ഇടുക്കി ജില്ലയിലെ കീരിത്തോട്ടിൽ മോഷണ കേസിലെ പ്രതി ലോറി ഡ്രൈവറെയും തടി വ്യാപാരിയെയും വെട്ടി പരിക്കേൽപ്പിച്ചു. ഡ്രൈവർ കാൽവരി മൗണ്ട് സ്വദേശി മറ്റപ്പിള്ളിൽ ബിജു, തടി വ്യാപാരി കട്ടപ്പന വലിയതോവാള സ്വദേശി കൂട്ടനാനിക്കൽ ടോമി എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം.
ഇടുക്കി നേര്യമംഗലം റോഡിലൂടെ തടി കയറ്റി വന്ന ലോറിക്ക് ചേലച്ചുവടിന് സമീപത്ത് വച്ച് അക്രമി കൈ കാണിക്കുകയായിരുന്നു. മോഷ്ടാവായ ഒരാൾ രക്ഷപ്പെട്ടിട്ടുണ്ടെന്ന് ചേലച്ചുവട് ടൗണിൽ എത്തിയപ്പോൾ ലോറി ഡ്രൈവറോട് നാട്ടുകാർ അറിയിച്ചിരുന്നു. ഈ വിവരം ഏതാനും മണിക്കൂറുകൾക്കു മുമ്പ് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കൈ കാണിച്ച ആളെ സംശയം തോന്നിയതിനെത്തുടർന്ന് ഡ്രൈവർ വാഹനത്തിൽ കയറ്റിയശേഷം കീരിത്തോട് ടൗണിൽ എത്തിയപ്പോൾ നാട്ടുകാരെ വിളിച്ച് ഏൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. മോഷ്ടാവ് കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഡ്രൈവർ ബിജുവിനെയും തടയാൻ ശ്രമിച്ച തടിയുടമ ടോമിയെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ഇറങ്ങി ഓടുകയായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരുക്കേറ്റ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും പരിക്ക് ഗുരുതരമാണ്. മറ്റൊരു റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ തള്ളി സ്റ്റാർട്ട് ചെയ്താണ് അക്രമി രക്ഷപ്പെട്ടത്. വണ്ണപ്പുറം തൊടുപുഴ മേഖലയിൽ നിന്ന് ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നതായാണ് വിവരം. കഞ്ഞിക്കുഴി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇയാൾ പാലാ സ്വദേശിയാണന്നാണ് സൂചന.