തലശ്ശേരി - മദ്യപിച്ച് ലക്കുകെട്ട റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്റെ മർദ്ദനമേറ്റ് കരിയാട് ബൈക്ക് യാത്രക്കാരായ അമ്മക്കും മകനും പരുക്ക്. സംഭവം സംബന്ധിച്ച് ഇവർ ചൊക്ലി പോലീസിൽ പരാതി നൽകി. ചൊക്ലി പുളിയനമ്പ്രം സ്വദേശിനി ജിഷക്കും മകൻ കുട്ടനുമാണ് റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനായ കരിയാട്ടെ പെരുവാൻ കുന്നുമ്മൽ ജെ.കെ വില്ലയിൽ കുമാര(60)ന്റെ മർദ്ദനത്തിൽ പരുക്കേറ്റത്.
മദ്യപിച്ച് ലക്കുകെട്ട രീതിയിൽ കരിയാട് ടൗണിലൂടെ നടക്കുകയായിരുന്ന കുമാരനോട് റോഡിൽ നിന്നും മാറാൻ ബൈക്കിന്റെ ഹോൺ മുഴക്കിയത് ഇഷ്ടപ്പെടാത്തതിനാണ് യുവതിയെയും മകനെയും അക്രമിച്ചത്.
മർദ്ദനത്തിൽ മുഖത്ത് പരുക്കേറ്റ ജിഷയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിയ ചൊക്ലി പോലീസിന് യുവതി പരാതി നൽകുകയായിരുന്നു. സംഭവം സംബന്ധിച്ച് വനിതാ കമ്മിഷനും പരാതി നൽകുമെന്ന് ജിഷയുടെ ബന്ധുക്കൾ പറഞ്ഞു. കുമാരനെതിരെ നേരത്തെയും ഇത്തരത്തിലുള്ള ഒട്ടേറെ പരാതികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പ്രതികരിച്ചു.