മലപ്പുറം - സംസ്ഥാനത്ത് പുതിയ കായിക സാമ്പത്തിക മേഖല വളർത്തിയെടുക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണെന്നും ഇതിനായി കായിക രംഗത്ത് അഞ്ച് പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കൊണ്ടോട്ടി ഗവ. കോളേജിലെ മൾട്ടി പർപ്പസ് സ്‌പോർട്‌സ് അറീനയും ഡിജി ഹബ്ബിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കായിക മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനായി പുതിയ കായിക നയം സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ കായിക സാമ്പത്തിക മേഖല വളർത്തിയെടുക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞഞു.
പ്ലാൻ ഫണ്ടിൽ നിന്നും 3.6 ലക്ഷം രൂപ ചെലവഴിച്ച് സിന്തറ്റിക്ക് ട്രാക്ക് സൗകര്യങ്ങളോടെയാണ് കോളേജിൽ മൾട്ടി പർപ്പസ് സ്‌പോർട്‌സ് അറീന ഒരുക്കിയത്. ഇതോടൊപ്പം കോളേജിന്റെ ഇ കണ്ടന്റുകൾ വികസിപ്പിക്കാനാവശ്യമായ രീതിയിലാണ് ഡിജി ഹബ്ബ് സ്റ്റുഡിയോ രൂപകൽപ്പന ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
കൊണ്ടോട്ടി ഗവ. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളംങ്കയിൽ മുംതാസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, കോളേജ് പ്രിൻസിപ്പൽ ഡോ. വി അബ്ദുൽ ലത്തീഫ്, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, കായിക വകുപ്പ് തലവൻ ഹബീബു റഹ്മാൻ, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. ഒ.പി വിനീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.സി ബാവ, യൂണിയൻ ചെയർമാൻ മുഹമ്മദ് അമാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി പി ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.