കൊച്ചി- കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ ഒന്നു മുതല്‍ 2 ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നും പ്രവചനത്തില്‍ പറയുന്നു.