ഏറെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽനിന്ന് പുറത്തുവന്നത്. കുവൈത്തിലേക്ക് പോകുന്ന പ്രവാസി യുവാവിന്റെ കൈവശം കഞ്ചാവ് കൊടുത്തയക്കാൻ സുഹൃത്ത് കൂടിയായ പ്രവാസി യുവാവ് ശ്രമിക്കുകയായിരുന്നു. ഊരവേദനക്കുള്ള ബെൽറ്റ്, ബീഫ്, ഒരു കുപ്പി വെളിച്ചെണ്ണ എന്നിവക്കൊപ്പമാണ് പല്ല് തേക്കാൻ ഉപയോഗിക്കുന്ന ചെറിയ കുപ്പിയിൽ കഞ്ചാവും കൊടുത്തയക്കാൻ ശ്രമിച്ചത്.
കൊണ്ടോട്ടിക്ക് സമീപം എടവണ്ണപ്പാറ പള്ളിപ്പുറായ സ്വദേശി ഫൈസലാണ് ഈ സംഭവത്തിലെ ഇര. നാട്ടുകാരൻ കൂടിയായ കുവൈത്ത് പ്രവാസി അർഷദാണ് ഈ ക്രൂരതയിലെ വില്ലൻ എന്നാണ് പുറത്തുവന്ന വിവരം. അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചുപോകാനിരിക്കെ ഫൈസലിനെ അർഷാദ് വിളിക്കുകയും വീട്ടിൽനിന്ന് കുറച്ചു സാധനങ്ങൾ കൊണ്ടുവരാനുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. സാധാരണ എല്ലാ പ്രവാസികളും ചെയ്യുന്ന പോലെ ഫൈസലും ഇത് സന്തോഷത്തോടെ ഏറ്റെടുത്തു.
പ്രവാസിയുടെ പെട്ടിയിൽ അവനവന്റെ സ്വപ്‌നവും പ്രതീക്ഷകളും മാത്രമല്ല. ബന്ധുക്കളുടെയും കൂട്ടുകാരുടെയും സ്വപ്‌നങ്ങളുടെ ഭാണ്ഡക്കെട്ട് കൂടിയാണ് പ്രവാസിയുടെ പെട്ടി. അർഷദിന്റെ വീട്ടിൽനിന്ന് കൊടുത്തയച്ച പെട്ടി ഫൈസലിന് നൽകിയത് പള്ളിപ്പുറായ നീറയിൽ പി.കെ ഷമീം എന്ന 22-കാരനാണ്. സുഹൃത്തുക്കൾ നൽകുന്ന സാധനങ്ങൾ പ്രവാസികൾ കെട്ടഴിച്ചു നോക്കാറില്ല. ഇവിടെ പക്ഷെ, ഫൈസലിന് എന്തോ തോന്നലിൽ ആ ബോക്‌സ് അഴിച്ചുനോക്കാൻ തോന്നി. ആദ്യത്തെ അടരിൽ ബീഫ്, പിന്നെ ഊരവേദനക്കുള്ള ബെൽറ്റ്, ഒരു കുപ്പി വെളിച്ചെണ്ണ. പല്ലുതേക്കാനുള്ള പൽപ്പൊടിയും. അസ്വാഭാവികമായി ഒന്നുമില്ല. പക്ഷെ, പൽപ്പൊടിയുടെ പെട്ടി കൂടി ഫൈസൽ അഴിച്ചുനോക്കി. അതിൽ നിറയെ കഞ്ചാവ്. ഉടൻ വാഴക്കാട് സ്‌റ്റേഷനിൽ വിവരം ധരിപ്പിച്ച ഫൈസലിന്റെ പരാതിയിൽ ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
മുസ്ലിംകൾ ബഹിഷ്‌കരിച്ചു; മക്‌ഡൊണാൾഡിന്റെ വ്യാപാരം തകർന്നു
പിറ്റേന്ന് രാവിലെ ഏഴുമണിക്ക് കുവൈത്തിലേക്ക് വിമാനം കയറാനിരിക്കുകയായിരുന്നു ഫൈസൽ. സുഹൃത്ത് തന്ന പെട്ടി അപ്പടി കൊണ്ടുവന്നാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. വിമാനം ഇറങ്ങുന്ന സമയത്ത് തന്നെ ഫൈസൽ പിടിയിലാകുമെന്നുറപ്പ്. സ്വന്തം പെട്ടിയിലുള്ള സാധനങ്ങളുടെ ഉത്തരവാദിത്വം അയാൾക്ക് മാത്രമാണ്. കടുത്ത ശിക്ഷയും നീണ്ടുനിൽക്കുന്ന ജയിൽ വാസവും മാത്രമായിരിക്കും ഫൈസലിന് ലഭിക്കുന്നത്. ഏതെങ്കിലും സന്നദ്ധ സംഘടനകൾക്കോ പ്രവർത്തകർക്കോ രക്ഷിക്കാനാകാത്ത വിധമുള്ള കുരുക്കിലേക്കായിരിക്കും ഇത്തരം സംഭവങ്ങളിലെ ഇരകൾ ചെന്നെത്തുക.
പ്രവാസി കൊണ്ടുപോകുന്ന സാധനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വാഴക്കാട് എസ്.ഐ തന്നെ ഈ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നുണ്ട്. ഏത് സാധനങ്ങളുടെ കൊണ്ടുവരുന്നവരുടെ മുന്നിൽ വെച്ചു തന്നെ തുറന്നുപരിശോധിക്കണം. ഇതിൽ ഒരു മാനക്കേടിന്റെ കാര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കരിപ്പൂരിൽനിന്ന് ദൽഹിയിലേക്കുള്ള വിമാനം ഫിദ പറത്തിയോ, വ്യാജ പ്രചാരണത്തിലെ സത്യാവസ്ഥ ഇതാണ്
പ്രവാസികളുമായി ബന്ധപ്പെട്ട ആദ്യത്തെ സംഭവത്തിലെ ഇരയല്ല ഫൈസൽ എന്നു കൂടി ഓർക്കുക. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽനിന്നുള്ള പ്രവാസി സമാനമായ സംഭവത്തിൽ നേരത്തെ ഖത്തറിൽ പിടിയിലായിരുന്നു. വേറെയും ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒട്ടേറെ പ്രതീക്ഷകളും അതിലേറെ സങ്കടങ്ങളുമായാണ് ഓരോരുത്തരും പ്രവാസം തെരഞ്ഞെടുക്കുന്നത്. നാട്ടിൽനിന്ന് തിരിച്ച് പോരുന്ന ദിവസം അയാളുടെ ദുഖത്തിന് ഏറെ കനമുണ്ടാകും. ആ സമയത്തായിരിക്കും കൂട്ടുകാരുടെയും ബന്ധുക്കളുടെയും സാധനങ്ങൾ അയാളുടെ പെട്ടിയിലേക്ക് ഓരോന്നോരോന്നായി വന്നുകൊണ്ടിരിക്കുക. തുറന്നുനോക്കാൻ പോയിട്ട് കുലുക്കി നോക്കാൻ പോലുമാകാത്ത നേരമായിരിക്കും. പരസ്പര വിശ്വാസം ഒന്നുകൊണ്ടു മാത്രമായിരിക്കും അത് പ്രവാസി വാങ്ങിവെക്കുന്നത്. ഈ വിശ്വാസം അയാളെ നിത്യദുരിതത്തിലേക്ക് തള്ളിവിടുകയാണ് പലപ്പോഴും. ഓർക്കുക, പ്രവാസികളെ വഞ്ചിക്കുന്നത് അയാളെ നേരിട്ട് അറിയുന്നവർ മാത്രമായിരിക്കും. കൂടെക്കൊണ്ടുപോകാൻ എത്തിക്കുന്ന സാധനം അവരവരുടെ മുന്നിൽ വെച്ചു തന്നെ പൊട്ടിച്ചുനോക്കി എന്താണെന്ന് ഉറപ്പുവരുത്തുക. മറ്റുള്ളവർ എന്തുവിചാരിക്കും എന്ന് കരുതി പലരും ഇത് ചെയ്യാറില്ല. പരസ്പര വിശ്വാസത്തെ ബാധിക്കുമോ എന്ന ഭയമാണ് പലരെയും നയിക്കുന്നത്. എന്നാൽ പരസ്പര വിശ്വാസത്തേക്കാൾ വലുത് സ്വന്തം സുരക്ഷിതത്വമാണ്. പ്രവാസം സുരക്ഷിതമാക്കുക.