ന്യൂഡൽഹി - ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയില്ലെങ്കിലും നേട്ടമുണ്ടാക്കുമെന്ന് പ്രവചനം. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്റെ (എം.ഒ.ടി.എൻ) പ്രവചനമനുസരിച്ച് കേരളത്തിലെ 20 സീറ്റും ഇന്ത്യാ മുന്നണിയിൽ സുരക്ഷിതമാണെന്നാണ് റിപോർട്ട്.
എന്നാൽ, ഇന്ത്യാ മുന്നണിയിലെ പ്രബല കക്ഷികളായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെയും സീറ്റുകൾ എത്രയെന്ന് കൃത്യമായി സർവേയിൽ പ്രവചിച്ചിട്ടില്ല. 20 സീറ്റുകളും ഇന്ത്യാ മുന്നണി തൂത്തുവാരുമെന്ന് സർവേ പ്രവചിക്കുമ്പോൾ തന്നെയും 2019-ലേതിനേക്കാൾ യു.ഡി.എഫിന് വോട്ടുവിഹിതം കുറയുമെന്നും പ്രവചിക്കുന്നു. ഒപ്പം എൻ.ഡി.എക്കു സീറ്റ് ലഭിക്കില്ലെങ്കിലും വോട്ടുവിഹിതം കൂടുമെന്നും പറയുന്നു.
കഴിഞ്ഞ തവണ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണിക്ക് 83 ശതമാനം വോട്ട് ലഭിച്ചെങ്കിൽ 2024-ൽ ഇന്ത്യാ മുന്നണിക്കത് 78 ശതമാനമായി കുറയും. ഒപ്പം കേരളത്തിൽ സാന്നിധ്യമുറപ്പിക്കാനുള്ള തീവ്രശ്രമത്തിലുള്ള ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് ഇത്തവണയും വെറും കൈയോടെ പോകേണ്ടി വരുമെന്നും 2019-ലെ 15 ശതമാനത്തിൽനിന്ന് വോട്ടുവിഹിതം 17 ശതമാനമായി ഉയർത്താനാകുമെന്നും സർവേ പ്രവചിക്കുന്നു.
2019-ൽ ആലപ്പുഴ ഒഴികെയുള്ള 19 സീറ്റുകളും കൈപ്പിടിയിലൊതുക്കിയ യു.ഡി.എഫിന് ഇത്തവണ അതേവിജയം ആവർത്തിക്കാനാവുമോ എന്നതിനെക്കുറിച്ച് കൃത്യമായൊരു ചിത്രം സർവേ നൽകുന്നില്ല. എല്ലാ ലോക്‌സഭാ സീറ്റുകളിൽനിന്നുമായി പ്രതികരിച്ച 35,801 പേരെ ആശ്രയിച്ചാണ് സർവേ നടത്തിയതെന്ന് മൂഡ് ഓഫ് ദി നേഷൻസ് വ്യക്തമാക്കി. 2023 ഡിസംബർ 15നും 2024 ജനുവരി 28നും ഇടയിലാണ് സർവ്വേ വോട്ടെടുപ്പ് നടന്നതെന്നും നിർമിത ബുദ്ധി(എ.ഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് തയ്യാറാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.