തൃശൂർ - രാജ്യത്ത് താമര തരംഗമുണ്ടാവുമ്പോൾ കേരളത്തിലും തൃശൂരിലും അതിന്റെ അനുരണനങ്ങൾ സ്വാഭാവികമായും ഉണ്ടാകുമെന്ന് ബി.ജെ.പിയുടെ തൃശൂർ ലോകസഭാ സ്ഥാനാർത്ഥി പട്ടികയിൽ സാധ്യത കൽപ്പിക്കുന്ന നടൻ സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പിക്ക് ഇന്ത്യയിൽ ആകെയുള്ള വിശ്വാസം കേരളത്തിലും പ്രതിഫലിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്നും ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ താമര വരച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ 15 ഇടങ്ങളിലാണ് ബി.ജെ.പി ചുവരെഴുത്ത് നടത്തിയത്. സ്ഥാനാർത്ഥിയുടെ പേര് എഴുതാതെ ചിഹ്നമാണിപ്പോൾ കൂടുതൽ സ്ഥലത്തും വരച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനു ശേഷം ചിത്രത്തിനൊപ്പം പേര് കൂട്ടിച്ചേർക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. എന്നാൽ ചിലയിടത്ത് പ്രവർത്തകർ സുരേഷ് ഗോപിയുടെ പേരും എഴുതിയിട്ടുണ്ട്. കഴിഞ്ഞതവണ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥിയായി മികച്ച പ്രകടനം പുറത്തെടുക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും നടനുമുള്ളത്. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ മോഡിയുടെ ഏകാധിപത്യം അവസാനിപ്പിച്ച് ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തണമെന്ന നിർബന്ധ ബുദ്ധിയിലാണ് മതനിരപേക്ഷ കക്ഷികൾ പ്രചാരണം ഊന്നുന്നത്. സിറ്റിംഗ് എം.പി ടി.എൻ പ്രതാപൻ യു.ഡി.എഫിനായി വീണ്ടും ജനവിധി തേടുമ്പോൾ സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ് സുനിൽകുമാറിനാണ് ഇടതു സ്ഥാനാർത്ഥി പട്ടികയിൽ സാധ്യത കൂടുതൽ.