വനിതാ സംരംഭകരുമായി മഹിളാ മോര്‍ച്ച ചായ്പേ ചര്‍ച്ച

കണ്ണൂര്‍- മോദി സര്‍ക്കാര്‍ വനിതാ ശാക്തീകരണത്തിനായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് മഹിളാ മോര്‍ച്ച ചായ്പേ ചര്‍ച്ച. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ സംരംഭകരും സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളും എന്‍ ജി ഒ പ്രതിനിധികളും പങ്കെടുത്തു. 

വനിതാ കൂട്ടായ്മയിലൂടെ നേടിയെടുത്ത വിജയങ്ങളും അനുഭവങ്ങളുമാണ് പ്രധാനമായും പരിപാടിയില്‍ ചര്‍ച്ച ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളും മുദ്രാ ലോണ്‍ ഉള്‍പ്പടെയുള്ള സംരംഭക വായ്പകളെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചും പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

ബി. ജെ. പി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി. പി. സംഗീത അധ്യക്ഷത വഹിച്ചു. ഹൃദയാരാം ചാരിറ്റബിള്‍ ട്രസ്റ്റ് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും ഡയരക്റ്ററുമായ ഡോ. റിന്‍സി അഗസ്റ്റിന്‍, കണ്ണൂര്‍ ശ്രീമൂകാംബിക ബാലികാ സദന്‍ മാനേജര്‍ കെ. മോഹനന്‍, മാതാഅമൃതാനന്ദമയീ മഠത്തെ പ്രതിനിധീകരിച്ച് ബല്‍രാജ്, അക്ഷയശ്രീ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷംജിത്ത്, സ്വാസ്ഥ്യ തെറാപ്പി കമ്മറ്റി അധ്യക്ഷ ഡോ. പ്രമീള, സക്ഷമ ചാരിറ്റബിള്‍ ട്രസ്റ്റ് സ്പെഷ്യല്‍ എജുക്കേറ്റര്‍ റൂബി രമേഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

ബി. ജെ. പി ജില്ലാ ജനറല്‍ സെക്രട്ടറി എം. ആര്‍. സരേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സത്യലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ റീന മനോഹരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അജിത നന്ദിയും പറഞ്ഞു.

Latest News