കല്‍പറ്റ- കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ വിശദീകരിക്കുന്നതിനും നാടിന്റെ വികസന വിഷയങ്ങളില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി സംവദിക്കുന്നതിനും സംസ്ഥാന പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെയും നേതൃത്വത്തില്‍ 'സമരാഗ്‌നി' എന്ന പേരില്‍ കെ. പി. സി. സി സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര 12ന് വയനാട്ടില്‍. അന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് 'സമരാഗ്‌നി'ക്ക് കല്‍പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉജ്വല സ്വീകരണം നല്‍കുമെന്ന് പ്രസിഡന്റ് എന്‍. ഡി. അപ്പച്ചന്‍, എം. എല്‍. എമാരായ അഡ്വ. ടി. സിദ്ദീഖ്, ഐ. സി. ബാലകൃഷ്ണന്‍, നേതാക്കളായ കെ. എല്‍. പൗലോസ്, ബിനു തോമസ്, വി. എ. മജീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമരാഗ്‌നി സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ, സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും. 13ന് രാവിലെ 10 മുതല്‍ 12 വരെയാണ് കെ. പി. സി. സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പുത്തൂര്‍വയല്‍ ഡോ. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളില്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, വന്യമൃഗ ശല്യത്തിന്റെ ഇരകള്‍, പെന്‍ഷന്‍ മുടങ്ങിയവര്‍, സംരംഭകര്‍ തുടങ്ങിയവരുമായി സംവദിക്കുക. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പ്രശ്നപരിഹാരത്തിനു മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ കെ. പി. സി. സിയുടെ പ്രത്യേക സംഘം ക്രോഡീകരിക്കും. പിന്നീട് പാര്‍ലമെന്റില്‍ എം. പിമാരും നിയമസഭയില്‍ എം. എല്‍. എമാരും ഇക്കാര്യങ്ങള്‍ ഉന്നയിക്കും.
മോഡി, പിണറായി സര്‍ക്കാരുകളുടെ നയങ്ങളും നടപടികളും ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിദ്വേഷം വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബി. ജെ. പി- ആര്‍. എസ്. എസ് ശ്രമം. അമിതാധികാര പ്രവണത വെച്ചുപുലര്‍ത്തുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന് മുന്നില്‍ വായ പൊത്തി നില്‍ക്കുന്ന പാര്‍ട്ടിയും മുന്നണിയും മന്ത്രിമാരും സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മുരടിപ്പിനും ദുരിതത്തിനും കാരണമായിരിക്കയാണ്. സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു.
തൊഴിലുറപ്പു പദ്ധതിയെ ശ്വാസംമുട്ടിച്ചു കൊല്ലാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബജറ്റ് നീക്കിയിരിപ്പുകള്‍ കുറച്ചുവരികയാണ്. പാവപ്പെട്ടവന്റെ പ്രയാസങ്ങള്‍ക്കുനേരേ സര്‍ക്കാരുകള്‍ കണ്ണടയ്ക്കുകയാണ്.
വയനാട്ടില്‍ പ്രതിസന്ധികളുമായി പോരടിച്ചു തളരുകയാണ് ജനം. വന്യമൃഗ ആക്രമണം ജില്ലയില്‍ നിത്യസംഭവമായി. അടുത്തകാലത്ത് നാലു പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടാകുന്നത്. മനുഷ്യ- മൃഗ സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളിലേക്ക് ജില്ലയുടെ ചുമതലയുള്ള വനം മന്ത്രി തിരിഞ്ഞുനോക്കുന്നില്ല. കര്‍ഷക ആത്മഹത്യ ജില്ലയില്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലും സര്‍ക്കാരിന്റെ ഒത്താശയോടെ ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോകുകയാണ്.
ദയനീയമാണ് വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. വിദഗ്ധ ചികിത്സയ്ക്കു ചുരം ഇറങ്ങേണ്ട സാഹചര്യം തുടരുകയാണ്.
നഞ്ചന്‍ഗോഡ്- നിലമ്പൂര്‍ പദ്ധതി അനിശ്ചിതത്വത്തിലാണ്. സതേണ്‍ റെയില്‍വേ ആകാശ സര്‍വേ നടത്തിയെങ്കിലും കേന്ദ്ര ബജറ്റില്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശമില്ലെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.