മലപ്പുറം- കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയായിരുന്നു മലപ്പുറത്തുനിന്നുള്ള പെൺകുട്ടി ഇന്ന് കരിപ്പൂരിൽനിന്ന് ദൽഹി വഴി അമേത്തിയിലേക്കുള്ള ഇൻഡിഗോ വിമാനം പറത്തുന്നുവെന്നത്. നൂറു കണക്കിന് ആളുകളാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ കുറിപ്പ് ഷെയർ ചെയ്തത്. മലപ്പുറം ജില്ലയിലെ വണ്ടൂരിന് സമീപം തുവ്വൂരിലെ പറവെട്ടി ജുറൈജിന്റെയും സക്കീനയുടെയും മകൾ ഫിദയെ സംബന്ധിക്കുന്ന പ്രചാരണമാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയത്. ഒരു നാടിന്റെ മൊത്തം പ്രാർത്ഥനകളുമായി ഫിദ വിമാനം പറത്തുന്നു എന്നായിരുന്നു ഇതിന്റെ കാതൽ.
എന്നാൽ ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ഫിദയുടെ പിതാവ് ജുറൈജ് പ്രതികരിച്ചു. ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഫിദ ഉത്തർപ്രദേശിലെ ഉഡാന്‍ അക്കാദമിയിൽ പരിശീലനത്തിനായി പോയത്. ഫെബ്രുവരി രണ്ടിനാണ് ക്ലാസ് തുടങ്ങിയത്. മകൾ കോഴ്‌സിന് ചേർന്നത് സംബന്ധിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ചില കേന്ദ്രങ്ങൾ വളച്ചൊടിച്ചാണ വ്യാജപ്രചാരണം നടത്തിയതെന്നും ജുറൈജ് വ്യക്തമാക്കി.
ഫിദയെ അഭിനന്ദിക്കുന്ന പോസ്റ്റിൽ ഫിദ വിമാനം പറത്തുന്നുവെന്ന തരത്തിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് വ്യാജ പ്രചാരണം നടത്തിയത്. ഫിദ ഉഡാന്‍ അക്കാദമിയിൽ ചേരുന്നത് സംബന്ധിച്ചുള്ള പോസ്റ്റായിരുന്നു അത്. അതിൽ വിമാനം പറത്തുന്നുവെന്ന് കൂട്ടിച്ചേർത്തോടെ സംഭവം വൈറലാകുകയായിരുന്നു.
ഫിദയെ സംബന്ധിക്കുന്ന യഥാർത്ഥ പോസ്റ്റിൽ വിമാനം പറത്തുന്നത് സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നില്ല. പകരം പഠനത്തിന് വേണ്ടി കരിപ്പൂരിൽനിന്ന് ദൽഹി വഴി അമേത്തിയിലേക്ക് പോകുന്നു എന്നായിരുന്നു. ഇതാണ് ചിലർ വിമാനം പറത്തുന്നു എന്നാക്കി മാറ്റിയത്.
യഥാർത്ഥ പോസ്റ്റിലെ വരികൾ:
തുവ്വൂർ സ്വദേശി പറവെട്ടി ജുറൈജിന്റെയും സക്കീനയുടെയും മകൾ ഫിദ നാളെ കരിപ്പൂരിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ദില്ലി വഴി അമേഠിയിലേക്ക് പറക്കുകയാണ്. ഈ യാത്രയിൽ ഒരു നാടിൻറെ പ്രാർത്ഥനകൾ ആകെ അവൾക്ക് കൂട്ടായുണ്ട്. ഏഷ്യയിൽ തന്നെ ഏറ്റവും മികച്ച പൈലറ്റ് അക്കാദമിയായ ഉഡാൻ അക്കാദമിയിൽ ഫിദ അഡ്മിഷൻ നേടിയിരിക്കുന്നു.
ഫിദയെ സംബന്ധിക്കുന്ന പോസ്റ്റ് തുടരുന്നത് ഇങ്ങിനെ.
ആകാശത്തിന്റെ അനന്തതയിൽ രാത്രിയുടെ ഇരുളാഴങ്ങളിലൂടെ മിനാമിനുങ്ങിനെ പോലെ കൊച്ചുവെളിച്ചം വിതറി നേർത്ത ശബ്ദത്തിൽ പറക്കുന്ന വിമാനങ്ങളെ കുഞ്ഞുനാൾ തൊട്ടേ അവൾ പ്രണയിച്ചു. മിടുക്കിയായി പഠിക്കുമ്പോഴും മനസ്സിൽ മോഹം ഒളിപ്പിച്ച് വെച്ചു. ഭാവിയിൽ പൈലറ്റാവണം. ഫിദ തുവ്വുരിന്റെ യൂത്ത് അമ്പാസിഡർ എന്നോ ഐക്കൺ എന്നോ ഞാൻ വിശേഷിപ്പിക്കും. കാരണം ഇഛാശക്തിയുടെ പ്രതിരൂപമാണവൾ.
ചരിത്രനിമിഷം; സൗദിയും ബഹ്‌റൈനും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു
പഠനത്തിൽ മിടുക്കിയായത് കൊണ്ട് തന്നെ പ്ലസ് ടു സയൻസിലെ ഉയർന്ന് മാർക്ക് അവളെയും എത്തിച്ചത് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സെന്ററിലായിരുന്നു. കോഴിക്കോട്. കരിപ്പൂരിലേക്ക് പറന്നു പോകുന്ന വിമാനങ്ങൾ അവളുടെ സ്വപ്‌നങ്ങളെ നിരന്തരം ഉത്തേജിപ്പിച്ച് കൊണ്ടിരുന്നു. ഒടുവിൽ അധികൃതർ രക്ഷിതാക്കളോട് തുറന്ന് പറഞ്ഞു. സ്റ്റതസ്‌കോപ്പിന്റെയും മരുന്നിന്റെയും ലോകത്തല്ല, നക്ഷത്രങ്ങൾ വിഹരിക്കുന്ന നീലാകാശങ്ങളിലാണ് ഫിദയുടെ മനസ് വിഹരിക്കുന്നത്. 2022ലാണ് ആദ്യമായി വീട്ടിലിരുന്ന് സ്വയം പഠിച്ച് അവൾ യുറാൻ അക്കാദമിയുടെ പ്രവേശന പരീക്ഷയെഴുതുന്നത്. മുഖാമുഖത്തിന് ക്ഷണിക്കപ്പെട്ടപ്പോഴാണ് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതറിയുന്നത്.
അവൾ ഓടിയെത്തിയത് തുവ്വുർ ഹൈസ്‌കൂളിൽ. അവിടെ ഓഫീസ് ക്ലാർക്ക് വർഗീസ് സാർ അവളെ ആശ്വസിപ്പിക്കുകയും
ആത്മവിശ്വാസം പകരുകയും ചെയ്തു. പരീക്ഷാഭവനുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് വരെ
വിശ്രമരഹിതമായി പ്രവർത്തിച്ചെങ്കിലും ആ വർഷം ഇൻറർവ്യൂവിൽ പങ്കെടുക്കാനായില്ല. പക്ഷേ അധ്യാപകരും അധികൃതരും ഇനി ഒരു പരീക്ഷക്ക് കൂടി തയ്യാറായി വിജയം വരിക്കാനുള്ള ആത്മവിശ്വാസം അതിനകം അവളിൽ പകർന്നിരുന്നു. 2023 പ്രവേശന പരീക്ഷയിൽ റാങ്ക് നേടുകയും പൈലറ്റ് കോഴ്‌സിന് അർഹയാവുകയും ചെയ്തു. ആകാശയാത്രികരെ നയിക്കുന്ന വൈമാനിക ജോലി തെരഞ്ഞെടുക്കുന്ന മലപ്പുറം ജില്ലയിലെ തുവ്വൂരിലെ ഫിദ, അതിരുകളില്ലാത്ത സ്വപ്നലോകത്തേക്ക് തനിക്കു പുറകെ വരുന്ന തലമുറയെ വിശേഷിച്ച് പെൺകുട്ടികളെ നയിക്കുകയാണ്. ഫിദയുടെ തീരുമാനം അതുകൊണ്ട് തന്നെ അത് ഈ നാട് അത്രമേൽ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ആണ് സ്വീകരിക്കുന്നത്. ഇവിടെ ചരിത്രം വഴിമാറുകയാണ്.
സൗദിയിലെ റോഡുകൾ എപ്പോഴും വീക്ഷിക്കാൻ കൃത്രിമോപഗ്രഹങ്ങൾ
ഉപ്പ അബൂ ജുറൈജും ഉമ്മ സക്കീനയെയും സഹോദരങ്ങൾ പ്ലസ് വൺ വിദ്യാർഥിയായ വിശാലും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മൻഹാലും തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് പിന്തുണക്കുന്നത്.
സ്വപ്നങ്ങൾക്ക് നിറം പകരുന്ന പ്രചോദനമായി തീർന്ന കസിൻ ബ്രദർ സോഫ്റ്റ് വെയർ എൻജിനീയർ സഹലിനുകൂടി,( ദീർഘകാലം പ്രവാസിയായിരുന്ന മൂത്താപ്പ സൈതലവിയുടെ മകൻ) അവകാശപ്പെട്ടതാണ് ഈ നേട്ടമെന്ന് ഫിദയും കുടുംബവും പറയും.
തുവ്വൂരിൽ നിരവധി വേദികളിൽ ഫിദ ആദരിക്കപ്പെടുകയുണ്ടായി. അത് അക്ഷരാർത്ഥത്തിൽ നാടിൻറെ ആഹ്ലാദത്തിന്റെ പ്രതിഫലനമായിരുന്നു. അതുകൊണ്ടുതന്നെ കുടുംബവും മാത്രമല്ല ഒരു കൊച്ചു ഗ്രാമം വൈമാനീകയവാൻ മോഹിക്കുന്ന ഫിദയുടെ വിജയകരമായ പഠനത്തിനും ഉന്നതമായ വിജയത്തിനും പ്രാർത്ഥനാനിരതമായ മനസ്സുകളും ആയി കാത്തിരിക്കുന്നു.
ഫിദയെ അഭിനന്ദിക്കാന്‍ വേണ്ടി എഴുതിയ പോസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയാണ് തെറ്റായ വസ്തുത പ്രചരിപ്പിച്ചത് എന്ന് ചുരുക്കം.