ജിദ്ദ- അതിശക്തമായ മത്സരത്തിനും മാരത്തൺ ചർച്ചകൾക്കുമൊടുവിൽ കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് ഭാരവാഹികളായി. പുതിയ ഭാരവാഹികൾ സംബന്ധിച്ച മാധ്യമങ്ങൾക്കുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ഭാരവാഹികളുടെ ലിസ്റ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതെന്നാണറിയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്ചയായെങ്കിലും ഇരു ചേരികൾക്കും താൽപര്യമുള്ളവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിലുള്ള തർക്കമാണ് ഔദ്യോഗിക പ്രഖ്യാപനം നീളാൻ ഇടയാക്കിയത്.
മുൻപൊന്നുമില്ലാത്ത വിധത്തിലുള്ള കടുത്ത മത്സരമാണ് ഇക്കുറി പ്രധാന സ്ഥാനങ്ങളിലേക്കുണ്ടായത്. നിലവിലുള്ള കമ്മിറ്റിയിലെ പ്രധാനികൾ അടങ്ങുന്ന പാനലിനെ അംഗീകരിപ്പിക്കാനുള്ള ശ്രമം ഉന്നതരുടെ വരെ ഇടപെടലുകളോടെ ഉണ്ടായെങ്കിലും ബഹുഭൂരിഭാഗം വരുന്ന കൗൺസിൽ അംഗങ്ങൾ എതിർത്തതോടെ തെരഞ്ഞെടുപ്പിന് നിർബന്ധിത സാഹചര്യം ഒരുങ്ങുകയായിരുന്നു. നേതൃത്വത്തിൽനിന്നുള്ള നിർദേശം സമവായത്തിന് മുൻതൂക്കം നൽകണമെന്നതായിരുന്നു. എന്നാൽ സമവായ പ്രകാരം കൊണ്ടുവന്ന ലിസ്റ്റ് അംഗീകരിക്കാൻ നല്ല ശതമാനം കൗൺസിലർമാരും തയാറായില്ല. ഇതോടെ തെരഞ്ഞെടുപ്പ് നിയന്ത്രണ ചുമതലയുള്ള നാസർ എടവനക്കാട് (എറണാകുളം), ഹക്കീം ബത്തേരി (കാസർകോട്), ഷിഹാബ് താമരക്കുളം (ആലപ്പുഴ) എന്നിവർ തെരഞ്ഞെടുപ്പിന് നിർബന്ധിതരാവുകയായിരുന്നു. പ്രധാന സ്ഥാനങ്ങളിലേക്ക് സമയവായം വേണ്ടെന്നു വന്നതോടെ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു.
ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയും ഫലപ്രഖ്യാപനം വരികയും ചെയ്തതോടെ മുതിർന്ന നേതാക്കളിൽ പലരും ഞെട്ടുകയായിരുന്നു. മണ്ഡലം കമ്മിറ്റികളിൽ സീജവമെങ്കിലും ജില്ലാ, സെൻട്രൽ കമ്മിറ്റികളിൽ അത്ര സജീവമല്ലാതിരുന്നവർ വൻ ഭൂരപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടതാണ് കാരണം. കെ.എം.സി.സിയിൽ നേതൃനിരയിൽ സമൂല പരിവർത്തനം വേണമെന്ന താഴെക്കിടയിലുള്ള പ്രവർത്തകരുടെ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രകടമായതെന്നായിരുന്നു വിജയം വരിച്ചവരുടെ പക്ഷം.
നിലവിലെ കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റായ സീതി കൊളക്കാടനെ പരാജയപ്പെടുത്തി ഇസ്മായിൽ മുണ്ടുപറമ്പ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ സെക്രട്ടറി ഹബീബ് കല്ലനെതിരെ നാണി ഇസ്ഹാഖ് അട്ടിമറി വിജയം നേടുകയായിരുന്നു. പ്രധാന സ്ഥാനങ്ങളിൽ ട്രഷറർ സ്ഥാനത്തേക്കു മാത്രമാണ് നിലവിലെ കമ്മിറ്റി ഭാരവാഹിക്കു വിജയിക്കാനായത്. ഇല്യാസ് കല്ലിങ്കലാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്. ഇല്യാസിനെതിരെ രണ്ടു പേർ മത്സരരംഗത്തു വന്നുവെങ്കിലും ഒരാൾ അവസാന നിമിഷം പിൻമാറിയതോടെ അബൂട്ടിയും ഇല്യാസും തമ്മിലായി മത്സരം. അതിൽ മത്സരഫലം ഇല്യാസിന് അനുകൂലമാവുകയായിരുന്നു. ചെയർമാൻ സ്ഥാനത്തേക്കും മത്സരമുണ്ടായി. കെ.കെ. മുഹമ്മദിനെതിരെ വി.വി അഷ്‌റഫ് മത്സരിച്ചുവെങ്കിലും അഷ്‌റഫിന് പരാജയം സമ്മിക്കേണ്ടി വന്നു. ഇതോടെ ചെയർമാനായി കെ.കെ. മുഹമ്മദ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും സെക്രട്ടറി സ്ഥാനത്തേക്കും ഒൻപതു പേർ വീതമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർമാൻമാരായി രണ്ടു പേരും. ഈ സ്ഥാനങ്ങളിലേക്ക് മത്സരം ഉണ്ടായിരുന്നില്ലെങ്കിലും തർക്കങ്ങളുണ്ടായിരുന്നു. ഒരാഴ്ചക്കിടെ പലവട്ടം കൂടിയാലോചനകൾ നടത്തിയാണ് ഈ സ്ഥാനങ്ങളിലേക്കുള്ളവരെ തെരഞ്ഞെടുത്തത്. ഇതിൽ അസംതൃപ്തി നിലനിൽക്കുന്നുണ്ടെങ്കിലും ഏതാണ്ട് അംഗീകരിക്കപ്പെട്ട നിലയിലാണ്.
മറ്റു സ്ഥാനങ്ങളിൽ സീനിയർ വൈസ് പ്രസിഡന്റായി സലീം മമ്പാടിനെയും വൈസ് പ്രസിഡന്റുമാരായി അഷ്‌റഫ് മുല്ലപ്പള്ളി, പി.സി അബ്ദുറഹ്മാൻ (ഇണ്ണി), മുസ്തഫ ചെമ്പൻ, ഉനൈസ് കരുമ്പിൽ, മുഹമ്മദ് പെരുമ്പിലായി, കുഞ്ഞി മുഹമ്മദ്, നൗഫൽ ഉള്ളാടൻ, മുസ്തഫ കൊഴിശ്ശേരി എന്നിവരും ഓർനൈസിംഗ് സെക്രട്ടറിയായി അബു കട്ടുപ്പാറയും സെക്രട്ടറിമാരായി അബൂട്ടി നിലമ്പൂർ, അലി പങ്ങാട്ട്, ഇ.സി അഷ്‌റഫ്, ജാഫർ അത്താണിക്കൽ, ഷിഹാബ് പുളിക്കൽ, ടി.പി സുഹൈൽ, യാസിദ്, മജീദ് കള്ളിയിൽ എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർമാൻമാരായി നജീബ് നീലാമ്പ്രയും, സൈദലവി ഇറനാടുമാണ് നിയമിതരായത്.
സൗദി അറേബ്യയിലെ കെ.എം.സി.സി ജില്ലാ കമ്മിറ്റികളിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയാണ് ജിദ്ദ മലപ്പുറം കമ്മിറ്റി. 12,300 ഓളം മെമ്പർഷിപുള്ള അംഗങ്ങളുണ്ട്. 16 മണ്ഡലം കമ്മിറ്റികളുള്ളതിൽ 15 കമ്മിറ്റികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 290 അംഗ കൗൺസിൽ സമിതിയാണ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ മക്കയില്‍നിന്ന് വിശുദ്ധ ഇഷ്ടിക, വാര്‍ത്തകള്‍ തള്ളി ഫൗണ്ടേഷന്‍
വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു
സൗദി എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് കോറിഡോര്‍; മാതൃക പ്രദര്‍ശിപ്പിച്ച് ജവാസാത്ത്