തിരുവനന്തപുരം - തന്റെ ഭാര്യയുടെ പെന്‍ഷന്‍ തുക കൊണ്ടാണ് മകള്‍ വീണാ വിജയന്‍ കമ്പനി തുടുങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും മാസപ്പടി കേസില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്. മകള്‍ വീണ വിജയന്‍ തന്റെ ഭാര്യയുടെ പെന്‍ഷന്‍ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എക്‌സാലോജിക്കിന്റെ ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ ഇക്കാരംയ തെറ്റാണെന്ന് ബോധ്യപ്പെടുമെന്നാണ് ഷോണ്‍ ജോര്‍ജ് പറയുന്നത്.
വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും ,വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനി തുടങ്ങാനുപയോഗിച്ച പണമായി ബാലന്‍സ് ഷീറ്റില്‍ കാണിക്കുന്നത്. ഡയറക്ടറായ വീണയില്‍ നിന്ന് തന്നെയെടുത്ത 78 ലക്ഷത്തിന്റെ വായ്പയാണ് യഥാര്‍ത്ഥത്തില്‍ കമ്പനി മൂലധനമെന്നാണ് ഷോണിന്റെ വാദം. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇക്കാര്യം സഭാ സമിതി അന്വേഷിക്കണമെന്നുമാണ് ഷോണിന്റെ ആവശ്യം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷോണ്‍ വീണ വിജയനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്ത് വന്നത്.