Sorry, you need to enable JavaScript to visit this website.

അനുമതിയില്ലാതെ ഹജിന് ശ്രമിച്ച 4688 വിദേശികളെ നാടു കടത്തുന്നു

ജിദ്ദ - ഹജുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിക്കുകയും തസ്‌രീഹ് ഇല്ലാതെ ഹജ് നിർവഹിക്കുന്നതിന് ശ്രമിക്കുകയും ചെയ്ത 4,688 പേരെ സൗദിയിൽ നിന്ന് നാടുകടത്തുന്നു. ചെക്ക്‌പോസ്റ്റുകളിൽ വെച്ച് ഇവരുടെ വിരലടയാളങ്ങൾ ഹൈവേ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇഖാമ പുതുക്കുന്നതിനും മറ്റു സർക്കാർ വകുപ്പ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സാധിക്കാത്തതിനാൽ ഇവർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിർബന്ധിതരാകും.

ഈ വർഷത്തെ ഹജ് സീസണിൽ തസ്‌രീഹ് ഇല്ലാത്ത 3,81,634 വിദേശികളെ മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കാതെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചതായി ഹൈവേ പോലീസ് അറിയിച്ചു. ഹജ് നിർദേശങ്ങൾ ലംഘിച്ച 4,688 വിദേശികളുടെ വിരലടയാളങ്ങൾ രജിസ്റ്റർ ചെയ്തു. അനധികൃത താമസക്കാരായ 74 വിദേശികളെ പിടികൂടി. ഹജ് അനുമതി പത്രമില്ലാത്ത 10,122 സൗദി പൗരന്മാരെയും ഗൾഫ് പൗരന്മാരെയും ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. 
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച 34 വിദേശികൾ ഹൈവേ പോലീസിന്റെ പിടിയിലായി. ഇവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഇതേ കുറ്റത്തിന് 67 സൗദി പൗരന്മാരും കുടുങ്ങി. ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിന് ഇവർ ഉപയോഗിച്ച 101 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഹജ് നിർദേശങ്ങൾ ലംഘിച്ചതിന് 1,68,718 വാഹനങ്ങളും 1,175 ബസുകളും ചെക്ക്‌പോസ്റ്റുകളിൽ വിലക്കി തിരിച്ചയച്ചു. ബസുകളിൽ 725 എണ്ണം ഓടിച്ചിരുന്നത് സൗദി പൗരന്മാരും 450 എണ്ണം ഓടിച്ചിരുന്നത് വിദേശികളുമായിരുന്നു. 
ഹജ് സീസണിൽ 981 ക്രിമിനൽ കേസുകൾ ഹൈവേ പോലീസ് കണ്ടെത്തി. വിവിധ സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചുവന്ന 251 പേരെ ഹൈവേ പോലീസ് പിടികൂടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചുവന്ന 164 വാഹനങ്ങളും ഹൈവേ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ ഹജ് അനുമതി പത്രവും മറ്റു വ്യാജ രേഖകളുമായി 60 പേർ പിടിയിലായി. 150 മയക്കുമരുന്ന് കേസുകളും ഹൈവേ പോലീസ് കണ്ടെത്തി. ലൈസൻസില്ലാത്ത 11 തോക്കുകളും 2,295 വെടിയുണ്ടകളും ഹൈവേ പോലീസ് പിടികൂടി. നിയമ ലംഘനങ്ങൾക്ക് 1,797 പേർക്ക് പിഴകൾ ചുമത്തി. ഉപയോഗശൂന്യമായ ഇറച്ചി നീക്കം ചെയ്ത 85 പേർക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഗതാഗത നിയമ ലംഘനങ്ങൾക്ക് 1,54,560 പേർക്ക് പിഴകൾ ചുമത്തി. നിയമ ലംഘകരും കുറ്റവാളികളും ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കപ്പെട്ടവരും അടക്കം ആകെ 3,96,619 പേരാണ് ഇക്കഴിഞ്ഞ ഹജ് സീസണിൽ ഹൈവേ പോലീസിന്റെ പിടിയിലായത്. 1,68,771 വാഹനങ്ങളും ഹൈവേ പോലീസിന്റെ പിടിയിലായി. 
 

Latest News