Sorry, you need to enable JavaScript to visit this website.

മക്കയിലും മദീനയിലും ഖബറടക്കത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യം

ജിദ്ദ - മക്ക, മദീന പ്രവിശ്യകള്‍ക്ക് പുറത്ത് മരണപ്പെടുന്നവരുടെ മയ്യിത്തുകള്‍ മക്കയിലും മദീനയിലും മറവു ചെയ്യാന്‍ മക്ക, മദീന പ്രവിശ്യ ഗവര്‍ണര്‍മാരുടെ അനുമതി മുന്‍കൂട്ടി നേടിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്വാഭാവിക മരണമാണെങ്കിലും അല്ലെങ്കിലും സൗദിയില്‍ മറവു ചെയ്യാനും സ്വദേശങ്ങളിലേക്ക് അയക്കാനും മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ നിന്ന് വിട്ടുകൊടുക്കുന്നതിനു മുമ്പായി, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ രോഗിയുടെ മെഡിക്കല്‍ ഫയല്‍ പരിശോധിച്ച് ജയില്‍ മരണം, അപകടം കാരണമായ മരണം പോലെ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളെ അറിയിക്കേണ്ട ആവശ്യമില്ല എന്ന കാര്യം ഉറപ്പുവരുത്തണം.
മയ്യിത്തുകള്‍ മോര്‍ച്ചറിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ മരണപ്പെട്ടവരുമായി ബന്ധപ്പെട്ട് ലഭ്യമായ മുഴുവന്‍ വിവരങ്ങളും കംപ്യൂട്ടറില്‍ രേഖപ്പെടുത്തണം. മറവു ചെയ്യല്‍ വേഗത്തിലാക്കാനും മറവു ചെയ്യാന്‍ കാലതാമസം നേരിടുന്ന മരണ കേസുകള്‍ നിരീക്ഷിക്കാനും മോര്‍ച്ചറികളില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ ആഴ്ചതോറും തയാറാക്കി ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകള്‍ക്ക് സമര്‍പ്പിക്കണം. ഇതിന്റെ കോപ്പി ഗവര്‍ണറേറ്റിലെ ആരോഗ്യകാര്യ കോ-ഓര്‍ഡിനേറ്റര്‍ക്കും കൈമാറണം.
മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ സുരക്ഷാ വകുപ്പുകളുടെ അനുമതി നേടിയിരിക്കണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശമുണ്ട്. ഇതോടൊപ്പം മരണപ്പെട്ടയാളുടെ പേര്, മരണ തീയതി, സമയം, മരണ സാഹചര്യം, രോഗചരിത്രം, മരണ സാഹചര്യം എന്നിവയും രേഖപ്പെടുത്തണം. മൃതദേഹം പ്രത്യക്ഷത്തില്‍ പരിശോധിച്ച് പ്രാഥമിക മരണ റിപ്പോര്‍ട്ട് തയാറാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

 

Latest News