പത്തനംതിട്ട - ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജില്ലാ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് പദവി വഹിച്ചിരുന്ന ബാബു ജോര്‍ജും പ്രൊഫ. സജി ചാക്കോയും സി.പി.എമ്മിലേക്ക്. ഇവരെ ഔദ്യോഗികമായി വരവേല്‍ക്കാന്‍ സി.പി.എം നേതൃത്വം വിശാലമായ പൊതുസമ്മേളനവും നടത്തുന്നു. ഫെബ്രുവരി 16ന് വൈകിട്ട് നാലിന് പത്തനംതിട്ട പഴയ ബസ് സ്റ്റാന്റില്‍ നടക്കുന്ന സമ്മേളനം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയര്‍ന്നു വന്നവരാണ് ഇരുവരും. ബാബു ജോര്‍ജ് ഡി.സി.സി പ്രസിഡന്റായിരുന്നു. അതിന് മുമ്പ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും. സജി ചാക്കോ ഡി സി സി യുടെ വിവിധ ചുമതലകള്‍ വഹിച്ച ആളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റുമായിരുന്നു.
ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ സ്ഥാനമേറ്റതോടെയാണ് ഇരുവരും കോണ്‍ഗ്രസിന് അനഭിമതരായത്. ഡി.സി. സി ഓഫീസില്‍ കതകടച്ച് രഹസ്യ ചര്‍ച്ച നടന്നപ്പോള്‍ ഓഫീസ് മുറി ചവിട്ടി തുറന്നതിന് ബാബു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി ഇടപെട്ട് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു.ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനം ഉന്നയിച്ച ബാബു ജോര്‍ജിനെയും സജി ചാക്കോയേയും പരിപാടികളില്‍ നിന്ന് ഒഴിവാക്കി. പ്രൊഫ.പി.ജെ കുര്യനും ആന്റോ ആന്റണി എം.പിക്കുമെതിരെ നിരവധി ആരോപണങ്ങളും ഇരുവരും ഉയര്‍ത്തി.ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഇവരെ സി.പി.എം ലേക്ക് കൊണ്ടുവരുവാന്‍ പഴയ ഡി.സി.സി പ്രസിഡന്റും സി.പി.എം നേതാവുമായ പിലിപ്പോസ് തോമസിന്റെ നേതൃത്വത്തില്‍ കരുക്കള്‍ ആരംഭിച്ചു.അങ്ങനെയാണ് സി. പി എമ്മിലേക്ക് രംഗപ്രവേശം ചെയ്തത്.
ബാബു ജോര്‍ജ്, പ്രൊഫ: പി.ജെ കുര്യനെയും ആന്റോ ആന്റണിയേയും വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റും സാമൂഹിക മാധ്യമങ്ങളില്‍ നല്‍കിയിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
പുതിയ തലമുറയുടെ ആവേശമോ ഇവര്‍?
പി.ജെ കുര്യന്‍: വയസ്സ് 83
പത്തനംതിട്ട ജില്ലയിലെ ഏകാധിപതിയായ ചക്രവര്‍ത്തി. കോണ്‍ഗ്രസിന്റെ അവസാന വാക്ക് .
40 വര്‍ഷം എംപി, പെന്‍ഷന്‍ 2 ലക്ഷത്തിന് മുകളില്‍. വീണ്ടും മത്സരിക്കുവാന്‍ ഒരുങ്ങുന്നു. മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരെ ഒതുക്കുന്നു. ഈ വ്യക്തി ഈ ജില്ലക്കും പാര്‍ട്ടിക്കും ചെയ്ത സംഭാവനകള്‍ എന്തെല്ലാം?
ആന്റോ ആന്റണി : വയസ്സ് 67
15 കൊല്ലം എം.പി. 4 തവണ മത്സരിച്ചു. അതും UDF കോട്ടകളില്‍. ഉമ്മന്‍ ചാണ്ടിയെ ഉപയോഗിച്ച് ഉന്നത സ്ഥാനങ്ങളില്‍ എത്തി. ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനത്തില്‍ ലോക രാഷ്ട്രങ്ങളില്‍ എല്ലാം സന്ദര്‍ശനം നടത്തി. കോട്ടയത്തെ മൂന്നിലവിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഈ വ്യക്തി ഇന്ന് അതിസമ്പന്നന്‍. ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ആരെയെങ്കിലും കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ടോ?
ഈ ജില്ലയില്‍ ഇവര്‍ക്ക് പുറമെ ആരുമില്ലേ? ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന പലരും ഇന്ന് അതിസമ്പന്നര്‍. ഇവരുടെ പൊയ്മുഖങ്ങള്‍ പൊതുസമൂഹത്തില്‍ തുറന്ന് കാട്ടണം.
One man, One post എവിടെ? പാര്‍ലമെന്റും അസംബ്ലിയും ജയിപ്പിക്കുമല്ലോ? ഓടിത്തളര്‍ന്ന ഇവരാണോ കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ മുഖം? ആത്മാഭിമാനം ഉണ്ടെങ്കില്‍ ഈ സമിതിയില്‍നിന്ന് രാജിവച്ച് മാതൃക കാണിക്കണം.