മലപ്പുറം- ലോകത്തെമ്പാടുമുള്ള കേരളീയ പ്രവാസികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി പരിഗണനയിലെന്ന് പി. ശ്രീരാമകൃഷ്ണന്‍.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള കേരളീയരായ പ്രവാസികള്‍ക്കായി ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപടി സ്വീകരിച്ചു വരികയാണെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമായി ആവിഷ്‌കരിച്ചിരിക്കുന്ന അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് ചുരുങ്ങിയ പ്രീമിയം തുക മതിയാകും. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനുള്ള നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകാരത്തിനായി അയച്ചു കഴിഞ്ഞതായി പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
മലപ്പുറം സൂര്യ റീജന്‍സിയില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ മലപ്പുറം , കോഴിക്കോട്,പാലക്കാട് ജില്ലകളില്‍ നിന്നുള്ള 62 പ്രവാസിസംരംഭകര്‍ പങ്കെടുത്തു. വിവിധ സംരംഭകസഹായ പദ്ധതികള്‍ , വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും നല്‍കി. നോര്‍ക്കാ റൂട്‌സിന്റെ വിവിധ പദ്ധതികും സേവനങ്ങളും സംബന്ധിച്ച് ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി വിശദീകരിച്ചു. എന്‍.ബി.എഫ്.സി പ്രോജക്ട്‌സ് മാനേജര്‍ സുരേഷ് കെ.വി, സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷറഫുദ്ദീന്‍. ബി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ രവീന്ദ്രന്‍.സി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ഏഴാമത് ബാച്ച് സംരംഭകത്വ പരിശീലന പരിപാടിയാണ് മലപ്പുറത്ത് സംഘടിപ്പിച്ചത്.