കുറ്റിപ്പുറം- വേനൽക്കാലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാൻ കൊണ്ടുവന്ന പദ്ധതിയുടെ പൈപ്പുകൾ ആക്രി വിലക്ക് തൂക്കി വിറ്റു. കുറ്റിപ്പുറം പഞ്ചായത്ത് സ്‌കീം ലെവൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് ജലനിധി പദ്ധതിയുടെ ഇരുമ്പ് പൈപ്പുകൾ തൂക്കി വിറ്റു കാശാക്കിയത്. ഒരു ലക്ഷത്തിലധികം രൂപയുടെ പൈപ്പുകൾ തൂക്കി വിറ്റതായി ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് അംഗം തന്നെയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് അഞ്ചാം വാർഡ് അംഗം സാബാ കരീം ആണ് വിജിലൻസിനും, പഞ്ചായത്ത് സെക്രട്ടറി കും പരാതി നൽകിയിരിക്കുന്നത്. പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി 2013ൽ തുടങ്ങിയ ജലനിധി പദ്ധതിയുടെ മൂടാൽ ഭാഗത്തെ പൈപ്പുകൾ ആണ് ആക്രി വിലക്ക് വിൽപ്പന നടത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് പൈപ്പുകൾ വലിയ ലോറിയിൽ കയറ്റി കട്ടു കടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്‌കീം ലെവൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ജലനിധിയുടെ നടത്തിപ്പ് ചുമതല മാത്രമാണുള്ളത്. എന്നാൽ പഞ്ചായത്തിന്റെ അധീനതയിലുള്ള ആസ്തിയാണ് കമ്മറ്റി അംഗങ്ങൾ വിൽപ്പന നടത്തി വീതിച്ചെടുത്തിരിക്കുന്നത്. കാര്യം പരാതിയായി ഉയർന്നതോടെ പണം നൽകി സംഭവം ഒതുക്കാൻ അണിയറ നീക്കങ്ങൾ ആരംഭിച്ചതായും പരാതിയുണ്ട്. ജലനിധി പദ്ധതിക്കായി കൊണ്ടുവന്ന പൈപ്പുകൾ അടിച്ചുമാറ്റി പണം കൈക്കലാക്കിയ അംഗങ്ങൾക്കെതിരെ നടപടി വേണമെന്ന് വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. കൊടും വേനലിൽ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോഴാണ് ബഹുമുഖ പദ്ധതിക്കായി കൊണ്ടുവന്ന ഇരുമ്പ് പൈപ്പുകൾ തട്ടുകടത്തി പണം കൈക്കലാക്കിയിരിക്കുന്നത്.