കൊല്ലം - കൊട്ടാരക്കരയിലെ അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകരുകയും ചുമരില്‍ വിള്ളല്‍ വീഴുകയും ചെയ്തതിനെ തുടര്‍ന്ന് ആശങ്കയിലായി പ്രദേശവാസികള്‍. ഭൂമി ശാസ്ത്ര വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി രാത്രി പതിനൊന്ന് മണിക്ക് ശേഷം അമ്പലപ്പുറത്ത് രാജീവിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ടൈലുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ ഭിത്തികള്‍ വിണ്ടുകീറിയതായും വീട്ടുടമ പറയുന്നു. വീടുമുഴുവന്‍ കുലുക്കം അനുഭവപ്പെട്ടതിനാല്‍ വീട്ടുകാര്‍ ഇറങ്ങിയോടി. നാട്ടുകാര്‍ ഓടിക്കൂടി. സമീപത്തെ വീടുകളിലും നേരിയ തോതില്‍ വിള്ളലുകള്‍ രൂപപ്പെട്ടത്.
അയല്‍വാസിയായ ആനന്ദവല്ലിയുടെ വീട്ടിലും കേടുപാടുകള്‍ സംഭവിച്ചു. അടുക്കള, സ്റ്റെയര്‍ കേസ് എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. നഗരസഭാ അധികൃതര്‍, വില്ലേജ് ഓഫീസര്‍, ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ദ്ധ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.