Sorry, you need to enable JavaScript to visit this website.

അരിയെവിടെ... പയറഞ്ഞാഴി, 29 രൂപയുടെ അരിയെവിടെ? കേന്ദ്രത്തോടു ചോദിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍

തൃശൂര്‍ - ഹലോ ബിജെപി ഓഫീസല്ലേ...29 രൂപയുടെ അരി ഇന്ന് എവിടെയാ കൊടുക്കണത്...
തൃശൂര്‍ ബി.ജെ.പി ഓഫീസിലേക്കും ബിജെപി നേതാക്കള്‍ക്കും വന്നുകൊണ്ടിരിക്കുന്ന ഫോണ്‍ കോളുകളിലൊന്നാണിത്. 29 രൂപയുടെ അരിയെവിടെ കിട്ടും, എവിടെയാണ് ഇന്ന് സപ്ലൈ ചെയ്യുന്നത് എന്നെല്ലാം ചോദിച്ച് നിരവധി കോളുകളാണ് ഇത്തരത്തില്‍ വന്നുകൊണ്ടിരിക്കുന്നതെങ്കിലും ഇതിനൊന്നും മറുപടി നല്‍കാനാകാതെ വലയുകയാണ് ബിജെപി ജില്ല നേതൃത്വം.
തൃശൂരില്‍ നിന്ന് 29 രൂപയുടെ ഭാരത് റൈസ് നല്‍കി ഉദ്ഘാടനം ചെയ്‌തെങ്കിലും ബിജെപി ജില്ല നേതൃത്വത്തിന് അരിവിതരണത്തെക്കുറിച്ച് ധാരണയില്ല. അത് കേന്ദ്രം നേരിട്ടാണ് ചെയ്യുന്നതെന്നും ഞങ്ങള്‍ക്കതില്‍ റോളൊന്നുമില്ലെന്നുമാണ് ജില്ല നേതാക്കള്‍ പ്രതികരിച്ചത്.
പലരും തങ്ങള്‍ക്ക് ഫോണ്‍ ചെയ്ത് അരിയെവിടെ കിട്ടുമെന്ന് ചോദിക്കുന്നുണ്ടെന്നും എന്നാല്‍ അതിനു മറുപടി നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണ് തങ്ങളെന്നും നേതാക്കള്‍ സമ്മതിക്കുന്നു.
നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (നാഫെഡ്), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (എന്‍.സി.സിഎഫ്), കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴിയാണ് ഭാരത് റൈസിന്റെ വില്‍പന.
അരിവിതരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും എല്ലാം കേന്ദ്രം നേരിട്ടാണ് ചെയ്യുന്നതെന്നും പറഞ്ഞ് പ്രാദേശിക നേതൃത്വം കയ്യൊഴിയുന്‌പോഴും ആളുകളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി ലഭിക്കാന്‍ വേണ്ടി നടപടികള്‍ തങ്ങള്‍ കൈക്കൊള്ളുമെന്ന് നേതാക്കള്‍ തറപ്പിച്ചുപറയുന്നു.
അരിവിതരണത്തില്‍ സംസ്ഥാനജില്ല നേതൃത്വങ്ങളെ അകറ്റി നിര്‍ത്തിയത് മന:പൂര്‍വമാണെന്നാണ് പറയുന്നത്. അരിവിതരണം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ബിജെപി നേതാക്കളെ ഉദ്ഘാടന ചടങ്ങിനും ഫ്‌ളാഗ് ഓഫിനും പോലും വിളിച്ചിരുന്നില്ല.
തല്‍ക്കാലം അരിവിതരണം പ്രാദേശികനേതാക്കള്‍ തൊടേണ്ട എന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്.
അതുകൊണ്ടു തന്നെ തൃശൂരില്‍ തുടങ്ങിവെച്ച 29 രൂപയുടെ അരിവിതരണത്തിന്റെ വരും ദിവസങ്ങളിലെ വിതരണത്തെക്കുറിച്ചൊന്നും ബിജെപിയുടെ പ്രാദശിക നേതാക്കള്‍ക്ക് യാതൊരുപിടിയുമില്ല.
ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്ത കൊച്ചിയിലെ നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (എന്‍.സി.സി.എഫ്) മാനേജര്‍ സി.കെ.രാജനെ ബിജെപി നേതാക്കളും മാധ്യമപ്രവര്‍ത്തകരും ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.
തൃശൂരില്‍ കഴിഞ്ഞ ദിവസം പട്ടിക്കാട്, ചുവന്നമണ്ണ്, പീച്ചി റോഡ് എന്നിവിടങ്ങളിലാണ് ഭാരത് റൈസ് 29 രൂപയ്ക്ക് വില്‍പന നടത്തി ജില്ലയിലെ അരിക്കച്ചവടത്തിന് തുടക്കം കുറിച്ചത്.
അഞ്ചുകിലോയുടേയും പത്തുകിലോയുടേയും പാക്കറ്റുകളാണ് വിറ്റത്.
150 ഭാരത് റൈസ് പാക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റുപോയതായാണ് കണക്ക്.
റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും അരിവാങ്ങാമെന്നത് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.ഒരാള്‍ക്ക് ഒരു തവണ പത്തുകിലോ അരി വാങ്ങാം.
അരിക്കു പുറമെ കിലോയ്ക്ക് 60 രൂപ വെച്ച് കടലപ്പരിപ്പും ജില്ലയില്‍ വിറ്റു തുടങ്ങി.
അരിവണ്ടി എപ്പോള്‍ എവിടെയെത്തും എന്ന് ആളുകള്‍ ചോദിക്കുന്‌പോള്‍ മറുപടി പറയാന്‍ കഴിയാത്തത് ബിജെപിക്കാര്‍ക്ക്് ക്ഷീണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൃത്യമായ ടൈം ഷെഡ്യൂളും വണ്ടി എത്തുന്ന സ്ഥലവും അറിയിക്കാനുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിക്കാന്‍ നേതൃത്വം ഇടപെടാന്‍ സാധ്യതയുണ്ട്.

 

Latest News