ന്യൂദല്‍ഹി- മൂന്നു മുഖ്യമന്ത്രിമാരെ അണിനിരത്ത് കേരളം ദല്‍ഹിയില്‍ ഒരുക്കി കേന്ദ്രവിരുദ്ധ സമരം മോഡി സര്‍ക്കാരിന് ശക്തമായ താക്കീതായി. സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരേ ദല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്നത് മൂന്ന് മുഖ്യമന്ത്രിമാരാണ്. പിണറായിക്കൊപ്പം ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിപങ്കിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി ഇല്ലെങ്കിലും സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍ വന്നു. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്ത പ്രതിഷേധ സമരം മോഡി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സുപ്രധാന ചുവടുവെപ്പായി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് പ്രതിഷേധ മാര്‍ച്ചായാണ് ജന്തര്‍മന്തറിലേക്കെത്തിയത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സി.പി.എം നേതാവ് എളമരം കരീം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. സി.പി.ഐക്ക് പുറമേ എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളായ ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാര്‍, കെ.പി. മോഹനന്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതികള്‍ക്ക് ബ്രാന്‍ഡിങ് അടിച്ചേല്‍പ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു. ജനക്ഷേമത്തെ ഉത്തരവാദിത്വമായി കാണുന്ന ഒരു സര്‍ക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യം ചെയ്ത് പദ്ധതികളെ ബ്രാന്‍ഡ് ചെയ്യാനാകില്ല. സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിര്‍ബന്ധമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സമരത്തിന് പിന്തുണയേകാന്‍ ഒട്ടേറ ദേശീയ നേതാക്കള്‍ എത്തിയിട്ടുണ്ട്. ഇനിയും ഒട്ടേറെ പേര്‍ എത്തിച്ചേരാനുണ്ട്. ഈ സമരം ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒന്നായി മാറുമെന്നതില്‍ സംശയമില്ല. ജനാധിപത്യം എന്നത് എല്ലാം സംസ്ഥാനങ്ങളെയും ഒന്നിച്ച് നിര്‍ത്തുക എന്നതാണ്. കേന്ദ്ര സര്‍ക്കാരുമായുളള ബന്ധം ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും കൂടിയാണ് ഈ സമരം.
അതിനാല്‍ തന്നെ ഈ ദിവസം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ചുവന്ന അക്ഷരങ്ങളായി മാറും. കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷ സംസ്ഥാനങ്ങളോട് അവഗണനയുണ്ട്. ഫെഡറല്‍ സംവിധാനം സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല സംസ്ഥാനങ്ങളുടെയും വിവിധ മേഖലകളുടെയും സുഗമമായ നടത്തിപ്പിന് കേന്ദ്രസര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും ആവശ്യമില്ലാതെ കേന്ദ്രം ഇടപെടുന്നുണ്ട്' അദ്ദേഹം പറഞ്ഞു.
'കേരളത്തെ സംബന്ധിച്ചടത്തോളം മൂന്ന് തരത്തിലുളള കുറവുകളാണ് ഉണ്ടാകുന്നത്. ഒന്നാമത്തേത് രാജ്യത്തിന്റെ ആകെയുളള വരുമാനത്തില്‍ സംസ്ഥാനത്തിനുളള ഓഹരി തുടര്‍ച്ചയായി പരിമിതപ്പെടുത്തുകയാണ്. യൂണിയന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ധനകാര്യകമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത്.സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവയില്‍ ഉള്‍പ്പെടുത്താറില്ല. ഓരോ ധനകമ്മീഷനും കഴിയുമ്പോള്‍ കേരളത്തിന്റെ നികുതി കുത്തനെ ഇടിയുകയാണ്.
ആരോഗ്യം, വിദ്യാഭ്യാസം എന്നീമേഖലകളില്‍ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പലപ്പോഴും ഇത് ചെയ്യുന്നത്. ജനസംഖ്യാ നിയന്ത്രണത്തില്‍ നല്ല നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. പക്ഷെ ഈ നേട്ടം കേരളത്തിന് തന്നെ ശിക്ഷയായി മാറിയിരിക്കുകയാണ്. നേട്ടത്തിന്റെ പേരില്‍ വിഹിതം കുറയ്ക്കുന്നു. പുതുതലമുറയുടെ പ്രശ്‌നങ്ങള്‍ പരിരക്ഷിക്കണമെങ്കില്‍ പണം വേണം. അതിന് കേന്ദ്രം തയാറാകുന്നില്ല.നേട്ടത്തിന് ശിക്ഷ. ഇത് ലോകത്ത് മറ്റെവിടെയും കാണാന്‍ സാധിക്കാത്ത പ്രതിഭാസമാണ്'- പിണറായി വിജയന്‍ വ്യക്തമാക്കി.